
















വിമാന അപകടമുണ്ടായെന്ന എഐ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്ത യുവാവിന് മുട്ടന്‍ പണി. പാടത്തും റെയില്‍വേ സ്റ്റേഷനിലും വിമാനം ലാന്‍ഡ് ചെയ്ത എഐ വീഡിയോയാണ് യുവാവ് ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തത്. സംഭവത്തിന് പിന്നാലെ വിമാനത്താവളം അധികൃതര്‍ അടിയന്തര യോഗം ചേര്‍ന്നു. വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയതോടെ യുവാവിനെതിരെ വിമാനത്താവളം ഡയറക്ടറും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും പരാതി നല്‍കി.
മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്നതിനായാണ് യുവാവ് എഐ ഉപയോഗിച്ച് വിമാന അപകടങ്ങളുടെ റീലുകള്‍ ഉണ്ടാക്കിയത്. വീഡിയോക്ക് മുന്നില്‍ നിന്ന് കാര്യം റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലായിരുന്നു വീഡിയോകള്‍.ജബല്‍പുര്‍ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വിമാനം ലാന്‍ഡ് ചെയ്ത വീഡിയോയായിരുന്നു കൃത്രിമമായി സൃഷ്ടിച്ചതില്‍ ഒന്ന്. പാടത്ത് ലാന്‍ഡ് ചെയ്ത വിമാനത്തിന് സമീപം നാട്ടുകാര്‍ തടിച്ചുകൂടുന്നതും പൊലീസ് നിയന്ത്രിക്കുന്നതും വീഡിയോയിലുണ്ട്.
ജബല്‍പൂരിലെ ഡുംന വിമാനത്താവളത്തില്‍ അപകടമുണ്ടായതായും വിമാനം എഐ ഉപയോഗിച്ച് വീഡിയോ ഉണ്ടാക്കി. ഇതോടെ വിഷയത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇടപെടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജബല്‍പൂര്‍ വിമാനത്താവളത്തില്‍ അധികൃതര്‍ സുരക്ഷായോഗം ചേര്‍ന്നു. വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ വിമാനത്താവള ഡയറക്ടറും പൊലീസില്‍ പരാതി നല്‍കി. വീഡിയോ പ്രചരിപ്പിച്ച യുവാവിനെ അന്വേഷിക്കുകയാണ്.