
















അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെറും ഗുണ്ടാതലവന്‍മാരുടെ സംഭാഷണത്തിലേക്ക് ചുവടുമാറിയതോടെ ലോകനേതാക്കള്‍ മുഴുവന്‍ രോഷത്തിലാണ്. എന്നാല്‍ സ്വരം മാറ്റി കടുപ്പിച്ച് പറഞ്ഞ് ട്രംപിന്റെ ശത്രുഗണത്തില്‍ പെടാനും ആര്‍ക്കും താല്‍പര്യമില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി പോലും തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ അവിടെയും ഇവിടെയും തൊടാതെ മുന്നറിയിപ്പ് നല്‍കി പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്രംപിന്റെ തോന്ന്യാസങ്ങള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്തുന്നത്.
നിയങ്ങളില്ലാത്ത ഒരു ലോകത്തേക്കാണ് നമ്മള്‍ ചുവടുമാറുന്നതെന്നാണ് ട്രംപിന് ഫ്രഞ്ച് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ കാലിനടിയിലിട്ട് ചവിട്ടി മെതിക്കുമ്പോള്‍, ശക്തിയുള്ളവന്റെ നിയമം മാത്രം വിഷയമായി മാറുന്ന അവസ്ഥയാണുള്ളതെന്ന് മാക്രോണ്‍ ചൂണ്ടിക്കാണിച്ചു. വേള്‍ഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഫ്രഞ്ച് പ്രസിഡന്റ് സത്യങ്ങള്‍ വിളിച്ചുപറഞ്ഞത്. 
ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ താന്‍ നടത്തിയ സ്വകാര്യ സംഭാഷണങ്ങള്‍ ട്രംപ് യാതൊരു മാന്യതയുമില്ലാതെ പുറത്തുവിട്ട ഘട്ടത്തിലാണ് മാക്രോണിന്റെ നിശിതവിമര്‍ശനം. ഏവിയേറ്റര്‍ സണ്‍ഗ്ലാസ് ധരിച്ചായിരുന്നു മാക്രോണ്‍ ഡാവോസില്‍ പ്രസംഗിക്കാന്‍ എത്തിയത്. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ യൂറോപ്പ് തങ്ങളുടെ പക്കലുള്ള ആയുധങ്ങള്‍ പുറത്തിറക്കാന്‍ മടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനായി യൂറോപ്പിന് എതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച നടപടിയുടെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വാക്കുകള്‍ സുപ്രധാനമാണ്.
നേരത്തെ ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് സംഘത്തില്‍ സ്ഥാനം വേണ്ടെന്നും മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. തന്റെ ഓഫര്‍ നിരാകരിച്ചാല്‍ ഫ്രാന്‍സിന്റെ വൈനും, ഷാംപെയിനും 200 ശതമാനം നികുതി ചുമത്തുമെന്നാണ് യുഎസ് നേതാവിന്റെ ഭീഷണി. യുകെയ്ക്ക് മറ്റൊരു തലവേദന ഉയര്‍ത്തി യുഎസ് ബേസ് സ്ഥിതി ചെയ്യുന്ന ഡീഗോ ഗാര്‍സ്യ മൗറീഷ്യസിന് നല്‍കാനുള്ള നീക്കത്തെയും ട്രംപ് ചോദ്യം ചെയ്തിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡിന് സമാനമായ ഈ ദ്വീപും പിടിച്ചെടുക്കുമെന്ന ധ്വനി സ്റ്റാര്‍മര്‍ക്ക് അടുത്ത പുലിവാലാണ്.