
















ട്രാന്‍സ്‌ജെന്‍ഡര്‍ കുറ്റവാളിയെ 'മിസ്റ്റര്‍' എന്ന് അഭിസംബോധന ചെയ്തതിന്റെ പേരില്‍ എന്‍എച്ച്എസ് വേട്ടയാടിയ നഴ്‌സിന് എന്‍എച്ച്എസ് ജോലി നഷ്ടമാകില്ല. സഹജീവനക്കാരും, എംപിമാരും പിന്തുണ നല്‍കിയതോടെ എന്‍എച്ച്എസ് നഴ്‌സിന്റെ ജോലി കൂടി തെറിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും അച്ചടക്ക സമിതി പിന്‍വാങ്ങുകയായിരുന്നു.
2024 മേയില്‍ കുട്ടീപ്പീഡകനായ ട്രാന്‍സ് കുറ്റവാളിയെ 'മിസ്റ്ററെന്ന്' വിളിച്ചതിന്റെ പേരിലായിരുന്നു നഴ്‌സ് ജെന്നിഫറിനെതിരെ എന്‍എച്ച്എസ് ആശുപത്രി നടപടിയെടുത്തത്. തനിക്കെതിരായ പ്രതികാര നടപടികളെ കുറിച്ച് ഇവര്‍ പുറത്ത് പറഞ്ഞത് രോഗിയുടെ സ്വകാര്യതയെ ഹനിച്ചെന്ന് ആരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. രോഗി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് 'മിസ്റ്ററെന്ന്' വിളിച്ചത്.
സറേ, എപ്‌സമില്‍ നഴ്‌സ് ജന്നിഫറിനെതിരെ അച്ചടക്ക സമിതി ഹിയറിംഗ് നടക്കുമ്പോള്‍ പുറത്ത് സമാനമായ ട്രാന്‍സ് കേസില്‍ വിജയിച്ച ഡാര്‍ലിംഗ്ടണ്‍ നഴ്‌സുമാര്‍ പിന്തുണയുമായി എത്തിയിരുന്നു. ഹിയറിംഗില്‍ ജെന്നിഫറിന്റെ ഭാഗം ശരിവെച്ച് ജോലി തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. 
'ഇത് വേദനയേറിയ ദൈര്‍ഘ്യമേറിയ യാത്രയായിരുന്നു. എനിക്ക് ഓരോ ചുവടിലും പിന്തുണയേകിയ യേശുവിന് നന്ദി. കൂടാതെ എനിക്കൊപ്പം നിന്ന പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ പ്രോത്സാഹനം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിലും വലുതായിരുന്നു. ഡാര്‍ലിംഗ്ടണ്‍ നഴ്‌സുമാര്‍ അടുത്തിടെ നേടിയ നിയമപരമായ വിജയം എന്‍എച്ച്എസില്‍ സാമാന്യ ബുദ്ധി തിരിച്ചെത്തുമെന്നാണ് സൂചിപ്പിക്കുന്നത്. ഇനി നഴ്‌സുമാര്‍ക്ക് എന്റെ അനുഭവം ഉണ്ടാകരുത്', ജെന്നിഫര്‍ പ്രതികരിച്ചു.
അതേസമയം അച്ചടക്ക സമിതിയുടെ ഹിയറിംഗില്‍ വിജയം നേടിയെങ്കിലും ട്രസ്റ്റ് വിഷയം നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലിന് വിട്ടിരുന്നു. ഇതില്‍ സ്വീകരിക്കുന്ന നടപടി നഴ്‌സിന്റെ ഭാവിയെ തീരുമാനിക്കുന്നതാണ്.