
















മിനസോട്ടയില്‍ രണ്ട് യുഎസ് പൗരന്‍മാരെ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് എതിരെ ജനരോഷം വളരുന്നതിനിടെ അപൂര്‍വ്വ രാഷ്ട്രീയ പ്രസ്താവന നടത്തി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഐസിയു നഴ്‌സ് അലക്‌സ് പ്രെറ്റി ഉള്‍പ്പെടെ പ്രതിഷേധക്കാരെയാണ് ട്രംപിന്റെ ഓഫീസര്‍മാര്‍ വെടിവെച്ച് കൊന്നത്.
'അലക്‌സ് പ്രെറ്റിയുടെ കൊലപാതകം ഹൃദയം തകര്‍ക്കുന്ന ദുരന്തമാണ്. ഇത് ഓരോ അമേരിക്കക്കാരനെയും ഉണര്‍ത്തുന്നതാകണം. രാഷ്ട്രീയ ഭേദമെന്യേ ഇത് നടക്കണം, രാജ്യമെന്ന നിലയില്‍ നമ്മുടെ അടിസ്ഥാന മൂല്യങ്ങളാണ് വര്‍ദ്ധിതമായ തോതില്‍ അക്രമിക്കപ്പെടുന്നത്', മുന്‍ പ്രസിഡന്റ് എക്‌സില്‍ കുറിച്ചു. 
പ്രെറ്റിയുടെ കൊലപാതകത്തിന് പുറമെ ഇതേ നഗരത്തില്‍ കൊല്ലപ്പെട്ട റെനീ നിക്കോള്‍ ഗുഡിന്റെ മരണത്തിനും ഉത്തരവാദികള്‍ ഐസും, ബോര്‍ഡര്‍ പട്രോള്‍ ഓഫീസര്‍മാരുമാണെന്ന് ഒബാമ കുറ്റപ്പെടുത്തി. ട്രംപ് ഭരണകൂടത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇവരെ ന്യായീകരിച്ച ശേഷമാണ് മുന്‍ പ്രസിഡന്റ് തിരിച്ചടിക്കുന്നത്. യുഎസ് പൗരന്‍മാര്‍ക്ക് നേരെ ഫെഡറല്‍ ഏജന്റുമാര്‍ നാണംകെടുത്തുന്ന, നിയമരാഹിത്യവും, ക്രൂര രീതികളും പ്രയോഗിക്കുന്നതാണ് മരണകാരണമാകുന്നതെന്ന് ഡെമോക്രാറ്റ് രാഷ്ട്രീയ നേതാവ് ചൂണ്ടിക്കാണിച്ചു.
കാര്യമായ അന്വേഷണങ്ങള്‍ നടത്താതെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ന്യായങ്ങളുമായി ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എത്തുന്നതിനെയും ഒബാമ നിശിതമായി വിമര്‍ശിച്ചു. പലപ്പോഴും വീഡിയോ തെളിവുകള്‍ ഈ ന്യായങ്ങള്‍ പൊളിക്കുകയും ചെയ്യുന്നു. ഇമിഗ്രേഷന്‍ & കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പുറത്തെടുക്കുന്ന കടുത്ത രീതികള്‍ക്കെതിരായി പ്രതിഷേധിച്ചവരെയാണ് വെടിവെച്ച് കൊന്നിട്ടുള്ളത്. എന്നാല്‍ കൊല്ലപ്പെട്ട സ്വന്തം ജനങ്ങളെ 'ആഭ്യന്തര തീവ്രവാദികള്‍' എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.