
















ഗൊറെറ്റി കൊടുങ്കാറ്റ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും രാജ്യം മുക്തി നേടി വരുന്നതേയുള്ളൂ. കൊടുംതണുപ്പും, ഐസും മൂലം നേരിട്ട നഷ്ടങ്ങളില്‍ നിന്നും ആശ്വാസത്തിലേക്ക് കടക്കുന്നതിന് മുന്‍പ് അടുത്ത കൊടുങ്കാറ്റ് മൂലം മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ് മെറ്റ് ഓഫീസ്. വെള്ളിയാഴ്ച മുതല്‍ ഇന്‍ഡ്രിഗ് കൊടുങ്കാറ്റ് പ്രഭാവം അറിയിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
40 എംഎം വരെ മഴയ്ക്കും, 60 എംപിഎച്ച് കാറ്റിനുമാണ് സാധ്യത. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ ശനിയാഴ്ച രാവിലെ 9 വരെ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. വെയില്‍സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഏറ്റവും മോശം അവസ്ഥ നേരിടേണ്ടി വരിക. ഈ മാസം ആദ്യം ഗൊറെറ്റി കൊടുങ്കാറ്റിന്റെ വിനാശവും ഇവിടെയാണ് കൂടുതലായി അനുഭവിച്ചത്.
പോര്‍ച്ചുഗീസ് വെതര്‍ സര്‍വ്വീസ് ഇന്‍ഗ്രിഡെന്ന് പേരിട്ട കൊടുങ്കാറ്റ് കാറ്റും, മഴയും ആഴ്ചയില്‍ ഉടനീളം എത്തിക്കും. ഗൊറെറ്റി കൊടുങ്കാറ്റ് നാശം വിതച്ച മേഖലകളില്‍ വീണ്ടും ദുരിതം എത്തിക്കാന്‍ ഇന്‍ഗ്രിഡ് കൊടുങ്കാറ്റ് വഴിയൊരുക്കും. അതേസമയം മുന്‍ കൊടുങ്കാറ്റിന്റെ അത്ര തീവ്രത പുതിയ കൊടുങ്കാറ്റിന് ഇല്ലെന്നതാണ് ആശ്വാസകരം.
ജനുവരിയിലെ മോശം കാലാവസ്ഥ ഈ മാസം ഉടനീളം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അടുത്ത ആഴ്ചയോടെ നോര്‍ത്ത്, ഈസ്റ്റ് പ്രദേശങ്ങളില്‍ മഞ്ഞ് വീഴുമെന്നാണ് കരുതുന്നത്. കൊടുങ്കാറ്റ് മൂലം സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും മെറ്റ് അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.