
















ലേബര്‍ പാര്‍ട്ടിയില്‍ നേതൃപോരാട്ടത്തിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ടായിരുന്ന ആന്‍ഡി ബേണ്‍ഹാമിന് മാഞ്ചസ്റ്റര്‍ മേയര്‍ പദവി രാജിവെയ്ക്കാന്‍ അനുമതി നിഷേധിച്ച് പാര്‍ട്ടി കമ്മിറ്റി. വെസ്റ്റ്മിന്‍സ്റ്ററിലേക്ക് എംപിയായി മടങ്ങിയെത്തിയാല്‍ ബേണ്‍ഹാം തനിക്ക് പാരയാകുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇദ്ദേഹത്തിന് മേയര്‍ പദവി രാജിവെയ്ക്കാന്‍ അനുമതി നിഷേധിച്ചത്.
തന്റെ മടങ്ങിവരവ് തടഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച ആന്‍ഡി ബേണ്‍ഹാം നിരാശ മറച്ചുവെച്ചില്ല. ലേബര്‍ ആഭ്യന്തര യുദ്ധത്തിന് തിരികൊളുത്തുന്ന നീക്കത്തിലൂടെ ഒരു നേതൃപോരാട്ടം ഉടലെടുക്കുന്നത് തടയാന്‍ സ്റ്റാര്‍മര്‍ക്ക് സാധിച്ചിട്ടുണ്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ സ്ഥാനം രാജിവെച്ച് വരുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബേണ്‍ഹാം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ പ്രധാനമന്ത്രി കൂടി ഉള്‍പ്പെട്ട, തന്റെ അനുകൂലികള്‍ നിറഞ്ഞ എന്‍ഇസി കമ്മിറ്റിയെ ഉപയോഗിച്ചാണ് ബേണ്‍ഹാമിന്റെ വരവ് തടഞ്ഞത്. 45 മിനിറ്റ് കൊണ്ട് ഒന്നിനെതിരെ എട്ട് വോട്ടിന് കമ്മിറ്റി ആവശ്യം നിഷേധിച്ചു. പുതിയ മേയറെ തെരഞ്ഞെടുക്കാന്‍ വേണ്ടിവരുന്ന കൂടിയ ചെലവ് ഉയര്‍ത്തിക്കാണിച്ചാണ് നടപടി. പ്രധാനമന്ത്രിയും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ പാര്‍ട്ടി ഡെപ്യൂട്ടി നേതാവ് ലൂസി പവല്‍ മാത്രമാണ് അനുകൂലിച്ചത്.
ബേണ്‍ഹാമിന്റെ വരവ് തടഞ്ഞതോടെ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് പിന്നില്‍ അണിനിരക്കുകയാണ് പകുതിയോളം ലേബര്‍ എംപിമാര്‍. 404 എംപിമാരില്‍ ഇരുനൂറോളം എംപിമാര്‍ സ്ട്രീറ്റിംഗിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി ഏറ്റുവാങ്ങിയാല്‍ സ്റ്റാര്‍മര്‍ക്ക് വെല്ലുവിളിയുമായി ഹെല്‍ത്ത് സെക്രട്ടറി രംഗത്തെത്തും.