
















തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2016 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പുരസ്‌കര പ്രഖ്യാപനത്തിന് പിന്നാലെ ചില വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇപ്പോഴിതാ സ്റ്റേറ്റ് അവാര്‍ഡിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഒരു വിമര്‍ശനമാണ് ശ്രദ്ധ നേടുന്നത്.
2020 ലെ പുരസ്‌കാരത്തില്‍ വിമല്‍ നായകനായി എത്തിയ സണ്ടക്കാരി എന്ന സിനിമയ്ക്ക് മൂന്ന് പുരസ്‌കരങ്ങള്‍ ലഭിച്ചിരുന്നു. മികച്ച ആര്‍ട്ട് ഡയറക്ടര്‍, മികച്ച ഗായകന്‍, മികച്ച മൂന്നാമത്തെ സിനിമ എന്നീ പുരസ്‌കാരങ്ങള്‍ ആണ് സണ്ടക്കാരി എന്ന സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ചില ചോദ്യങ്ങളുമായി എത്തുകയാണ് സിനിമാപ്രേമികള്‍. നിരവധി തവണ പല പ്രശ്‌നങ്ങള്‍ മൂലം റിലീസ് മാറ്റിവെച്ച സിനിമ ഒരിക്കലും തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നില്ല. തുടര്‍ന്ന് ഒടിടി റിലീസായി പോലും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നില്ല.
പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കിയതെന്ന ചോദ്യമാണ് സിനിമാപ്രേമികള്‍ മുന്നോട്ട് വെക്കുന്നത്. മാത്രമല്ല മലയാളത്തില്‍ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മൈ ബോസ് എന്ന സിനിമയുടെ തമിഴ് റീമേക്ക് ആണ് സണ്ടക്കാരി. ഇതോടെ ചിത്രം അവാര്‍ഡിനുള്ള മാനദണ്ഡങ്ങളെയെല്ലാം മറികടക്കുന്നു എന്നും, എന്നിട്ടും സിനിമയ്ക്ക് എന്ത് അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
അതേസമയം, ചിത്രത്തിന്റെ സംവിധായകനായ ആര്‍ മധേഷ് സ്റ്റേറ്റ് അവാര്‍ഡ് ജൂറി മെമ്പര്‍ ആയിരുന്നു എന്നും അതിനാലാകും സിനിമയ്ക്ക് അവാര്‍ഡ് ലഭിച്ചതെന്നുമാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്