
















ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ ധാരണയായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ പ്രതികരണവുമായി റഷ്യ. ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാന്‍ സ്വാതന്ത്ര്യമുണ്ടെന്നും, തങ്ങള്‍ മാത്രമല്ല ഇന്ത്യയുടെ ഏക എണ്ണ വിതരണക്കാരെന്നും റഷ്യ വ്യക്തമാക്കി. ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയില്‍ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നത് പുതിയ കാര്യമല്ലെന്നും റഷ്യ നിരീക്ഷിച്ചു. ഇന്ത്യയ്ക്ക് എണ്ണ നല്കുന്നത് തുടരും. ഇന്ത്യ ഇത് നിറുത്തുന്നതായി ഇതുവരെയും അറിയിച്ചില്ലെന്നും റഷ്യ ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ട വ്യാപാര കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചതായി ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യ റഷ്യയെ വിട്ട് വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചു എന്നായിരുന്നു യുഎസ് അവകാശവാദം.
''റഷ്യ മാത്രമല്ല ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും നല്‍കുന്നതെന്ന് ഞങ്ങള്‍ക്കും മറ്റ് അന്താരാഷ്ട്ര ഊര്‍ജ്ജ വിദഗ്ധര്‍ക്കും നന്നായി അറിയാം. ഇന്ത്യ എല്ലായ്‌പ്പോഴും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിട്ടുണ്ട്''. അതിനാല്‍ ഇതില്‍ പുതിയതായി ഒന്നുമില്ലെന്നായിരുന്നു റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവിന്റെ പ്രതികരണം.
എന്നാല്‍ ഇന്ത്യ ഇതുവരെയും ഈ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടില്ല. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് 25 ശതമാനം ശിക്ഷാ നികുതി ഏര്‍പ്പെടുത്തിയിട്ടും, ഇന്ത്യ പ്രതിദിനം ഏകദേശം 1.5 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നിലധികം ഭാഗവും റഷ്യയില്‍ നിന്നാണ് എത്തുന്നത്.