
















അഹമ്മദാബാദ് വിമാന അപകടത്തില്‍ വന്‍ വെളിപ്പെടുത്തലുമായി വിസില്‍ ബ്ലോവര്‍ റിപ്പോര്‍ട്ട്. തകര്‍ന്ന വിമാനത്തിന് വര്‍ഷങ്ങളായി ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സിസ്റ്റം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2022-ല്‍ തന്നെ വിമാനത്തില്‍ വലിയ ഇലക്ട്രിക്കല്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫൗണ്ടേഷന്‍ ഫോര്‍ ഏവിയേഷന്‍ സേഫ്റ്റി അമേരിക്കന്‍ സെനറ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
പല പ്രധാന സിസ്റ്റം ഭാഗങ്ങളും വീണ്ടും വീണ്ടും മാറ്റി. വിമാനം ഇന്ത്യയില്‍ എത്തിയ ആദ്യദിവസം മുതല്‍ (2014 ഫെബ്രുവരി 1) പ്രശ്‌നങ്ങള്‍ തുടങ്ങി. 11 വര്‍ഷം ഈ പ്രശ്‌നങ്ങള്‍ തുടര്‍ന്നു. തെളിവുകള്‍ സഹിതമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 2022 ഏപ്രിലില്‍ ലാന്‍ഡിങ് ഗിയറുമായി ബന്ധപ്പെട്ട പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിന്റെ തകരാറുകള്‍ വിശദമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ജൂണ്‍ 12നാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം നിമിഷങ്ങള്‍ക്കകം വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ള 241 പേരും അപകടത്തില്‍ മരിച്ചിരുന്നു.