CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 16 Minutes 16 Seconds Ago
Breaking Now

'കയ്യില്‍ തറച്ച ചില്ല് മാറ്റാതെ മുറിവ് തുന്നിക്കെട്ടി'; ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

വളമംഗലം സ്വദേശി രാധാകൃഷ്ണന്‍ പിള്ളയാണ് പരാതിയുമായി രംഗത്ത് വന്നത്.

ആലപ്പുഴയില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടിങ്ങിയെന്ന ആരോപണം വിവാദമായിരിക്കെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ഗുരുതര അനാസ്ഥ. അപകടത്തില്‍ പരിക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. വളമംഗലം സ്വദേശി രാധാകൃഷ്ണന്‍ പിള്ളയാണ് പരാതിയുമായി രംഗത്ത് വന്നത്.

ഓട്ടോ ഡ്രൈവറാണ് 60കാരനായ രാധാകൃഷ്ണന്‍ പിള്ള. ഡിസംബര്‍ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുള്‍പ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും കൈയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയെന്ന് രാധാകൃഷ്ണന്‍ ആരോപിക്കുന്നു. ഇതിന് ശേഷം കയ്യില്‍ നിരന്തരം വേദന അനുഭവിക്കുകയും ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലിന്റെ കഷ്ണം തറച്ചിരുന്നത് വ്യക്തമായതെന്നും രാധാകൃഷ്ണന്‍ പിള്ള പറഞ്ഞു. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ഈ വിഷയത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. മുമ്പ് അമ്പലപ്പുഴയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാളുടെ മുറിവ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇത്തരത്തില്‍ ചില്ല് നീക്കാതെ തുന്നിക്കെട്ടിയ സംഭവം വിവാദമായിരുന്നു. രോഗിയുടെ കാലില്‍ തറച്ച ചില്ല് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു പുറത്തെടുത്തത്. വിഷയത്തില്‍ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. സമാനമായ സംഭവമാണ് ഇപ്പോള്‍ തുറവൂരില്‍ നിന്നും പുറത്തുവരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.