
















ഇറാനില്‍ യുദ്ധം നടക്കുമ്പോള്‍ ബ്രിട്ടന്‍ എന്തിന് ആശങ്കപ്പെടണം? ഈ സംശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉത്തരം നിരവധിയാണ്. ഉപരോധത്തിലാണെങ്കിലും ഇറാന്‍ പുറത്തുവിടുന്ന എണ്ണ, വാതകം എന്നിവ ലോകത്തിന് സുപ്രധാനമാണ്. അതുപോരാതെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഒഴുകുന്ന എണ്ണ കപ്പല്‍ മാര്‍ഗ്ഗം മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ ഹോര്‍മുസ് കടലിടുക്ക് പ്രധാനമാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ അത് അടച്ചു. ഇത് യുദ്ധത്തില്‍ പങ്കെടുക്കാത്ത രാജ്യങ്ങളെയും കുഴപ്പത്തിലാക്കും.
ബ്രിട്ടനെ സംബന്ധിച്ച് ആ കുഴപ്പം അതിവേഗത്തിലാണ് പാഞ്ഞെത്തുന്നത്. പണപ്പെരുപ്പത്തിന്റെ രൂപത്തില്‍ അത് ആഞ്ഞടിക്കുമ്പോള്‍ രാജ്യത്തെ ജനജീവിതം സാരമായി ബാധിക്കപ്പെടും. ഭവനഉടമകളെ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളാണ് കാത്തിരിക്കുന്നത്. പണപ്പെരുപ്പം ഉയരുമെന്ന പ്രവചനങ്ങളുടെ വെളിച്ചത്തില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താനുള്ള സാധ്യതയാണ് മോര്‍ട്ട്‌ഗേജ് വിപണിക്ക് തിരിച്ചടി നല്‍കുക.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നിരക്കുകള്‍ ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തേണ്ടി വരുമെന്ന് അലയന്‍സ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ മുഹമ്മദ് എല്‍ എറിയാന്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ ശരാശരി വ്യക്തിക്ക് ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് റേറ്റുകളാണ് നേരിടേണ്ടി വരികയെന്ന് ഇദ്ദേഹം പറയുന്നു.
'ഈ വര്‍ഷം പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിച്ചത്. എന്നാല്‍ പണപ്പെരുപ്പം 3 ശതമാനത്തിന് മുകളില്‍ തുടരുമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. ഉയര്‍ന്ന പണപ്പെരുപ്പത്തിന് ആനുപാതികമായി നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ ഉയര്‍ന്ന പലിശ നിരക്ക് വേണ്ടിവരും', എല്‍ എറിയാന്‍ ബിബിസിയോട് പറഞ്ഞു. ജനുവരിയില്‍ പണപ്പെരുപ്പം 3.3 ശതമാനത്തിലാണ്.