
















കെന്റില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ മാരകമായ മെനിഞ്ചൈറ്റിസ് ബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. രോഗം അതിവേഗം പടരുന്ന തരത്തില്‍ സ്‌ട്രെയിന് രൂപമാറ്റം വന്നതായുള്ള ആശങ്കകളാണ് ഇതിലേക്ക് നയിക്കുന്നത്.
ഇപ്പോള്‍ പടരുന്ന മെനിഞ്ചൈറ്റിസ് ബി സ്‌ട്രെയിന്‍ അതിവേഗം ആളുകള്‍ക്കിടയില്‍ കൈമാറ്റം ചെയ്യുന്ന തരത്തില്‍ രൂപമാറ്റം വന്നിട്ടുണ്ടോയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിക്കുന്നത്. രോഗം രാജ്യത്ത് നിലയുറപ്പിച്ച് നില്‍ക്കുമെന്ന ആശങ്കയാണ് ഇതോടെ പടരുന്നത്.
ഇതിനകം 27 കേസുകളാണ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുള്ളത്. 15 സ്ഥിരീകരിച്ച കേസുകളില്‍ ഒന്‍പതും മെനിഞ്ചൈറ്റിസ് ബി'യുമായി ബന്ധപ്പെട്ടുള്ളതാണ്. മുന്‍പത്തെ അപേക്ഷിച്ച് വേഗത്തില്‍ രോഗം പടരാന്‍ ഇടയാക്കുന്ന വിധത്തില്‍ സ്‌ട്രെയിന്‍ രൂപം മാറിയിട്ടുണ്ടോയെന്നാണ് ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നത്. 
രോഗികളില്‍ നിന്നും ബാക്ടീരിയല്‍ സാമ്പിളുകള്‍ എടുത്ത് ജനറ്റിക് സീക്വന്‍സിംഗ് ചെയ്ത് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോയെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പരിശോധന നടത്തുകയാണ്. അസാധാരണമായ തോതില്‍ രോഗികളുടെ എണ്ണം ഉയരുന്നതിന് പിന്നില്‍ രൂപമാറ്റം കാരണമാകുന്നുണ്ടോയെന്നാണ് സ്ഥിരീകരിക്കാനുള്ളത്.
പതിവ് വിട്ടുള്ള രീതിയിലാണ് കേസുകളെന്ന് യുകെഎച്ച്എസ്എ ചീഫ് സയന്റിസ്റ്റ് ഓഫീസര്‍ പ്രൊഫ. റോബിന്‍ മെയ് വ്യക്തമാക്കി. ആശങ്ക ഉളവാക്കുന്ന തരത്തിലാണ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.