CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 29 Minutes 18 Seconds Ago
Breaking Now

വിവാഹം നടത്തിക്കൊടുക്കാത്തതില്‍ പ്രകോപിതനായ മകന്‍ അമ്മയെ തല്ലിക്കൊന്നു

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗംഗമ്മയെ ഹാസനിലെ എച്ച്‌ഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ വിവാഹം നടക്കാത്തതിലുള്ള പ്രകോപനത്തില്‍ 40കാരനായ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. ചന്നരായപട്ടണ താലൂക്കിലെ ശ്രാവണബെലഗോളയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 65 കാരിയായ ഗംഗമ്മയാണ് കൊല്ലപ്പെട്ടത്. മകന്‍ ഉമാശങ്കര്‍ (40) തന്റെ വിവാഹം നടത്തിക്കൊടുക്കുന്നില്ലെന്ന് ആരോപിച്ച് അമ്മയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. മാര്‍ച്ച് 26ന് വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെ ഉമാശങ്കര്‍ അമ്മയെ മര്‍ദിക്കുകയും തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗംഗമ്മയെ ഹാസനിലെ എച്ച്‌ഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അവര്‍ മാര്‍ച്ച് 30ന് അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ ശ്രാവണബെലഗോള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു വര്‍ഷം മുമ്പ് കുംഭമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഉമാശങ്കറിന് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതിനുശേഷം ഇയാള്‍ക്ക് ചില മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നതായും ഇടയ്ക്കിടെ അക്രമാസക്തനാകാറുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കാര്യവും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

ഗ്രാമീണ മേഖലകളില്‍ വിവാഹം നടക്കാത്തതിനെത്തുടര്‍ന്ന് യുവാക്കള്‍ക്കുണ്ടാകുന്ന കടുത്ത മാനസിക സമ്മര്‍ദവും നിരാശയും ഇത്തരം അതിക്രമങ്ങളിലേക്ക് നയിക്കുന്നുവെന്നത് ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.