
















ഈസ്റ്ററിന് പിന്നാലെ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നടപടി പിന്‍വലിക്കാന്‍ 48 മണിക്കൂര്‍ നേരത്തെ സമയപരിധി പ്രഖ്യാപിച്ച് ഗവണ്‍മെന്റ്. ഈ സമയപരിധിക്കുള്ളില്‍ സമരനടപടികളില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറാകാത്ത പക്ഷം മെച്ചപ്പെടുത്തിയ പാക്കേജും നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ സമരപ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അംഗങ്ങളുമായി ചര്‍ച്ച പോലും നടത്താതെയാണ് 7.1% ശമ്പളവര്‍ദ്ധന കിട്ടുന്ന പാക്കേജ് തള്ളി പണിമുടക്കുമെന്ന് ബിഎംഎ പ്രഖ്യാപിച്ചത്.
ചില ഡോക്ടര്‍മാര്‍ക്ക് 100,000 പൗണ്ടിലേറെ വരുമാനം നല്‍കുമെന്ന് ഉറപ്പായിട്ടും തങ്ങള്‍ ഉന്നയിച്ച 26 ശതമാനത്തിന് അടുത്ത് എത്തിയില്ലെന്ന് വാദിച്ചാണ് ബിഎംഎ ഓഫര്‍ തള്ളിയത്. 'കരാറില്‍ നിന്നും പിന്‍മാറുന്നത് തെറ്റായ തീരുമാനമാണ്. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം പോലും നല്‍കാതെയുള്ള നീക്കം കൂടുതല്‍ പ്രശ്‌നമാണ്', പ്രധാനമന്ത്രി ടൈംസില്‍ എഴുതിയ ലേഖനത്തില്‍ കുറിച്ചു.
കൂടുതല്‍ മെച്ചപ്പെട്ട വരുമാനവും, പുരോഗതിയും പിന്തുണയും ഓഫര്‍ ചെയ്തത് നിഷേധിച്ചാല്‍ അവര്‍ക്ക് ഈ വര്‍ഷം കിട്ടാന്‍ പോകുന്നത് സ്റ്റാന്‍ഡേര്‍ഡ് പേ അവാര്‍ഡ് മാത്രമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 7ന് രാവിലെ 7 മുതല്‍ ഏപ്രില്‍ 13 വരെ പണിമുടക്കാനാണ് ബിഎംഎ തീരുമാനം.
സമരങ്ങള്‍ നിരുത്തരവാദപരവും, അപകടകരവുമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് അവര്‍ ആവശ്യപ്പെട്ട ശമ്പളവര്‍ദ്ധന നല്‍കിയാണ് ലേബര്‍ ഗവണ്‍മെന്റ് ആദ്യ ഘട്ടം തൃപ്തിപ്പെടുത്തിയത്. എന്നാല്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധന ഉന്നയിച്ചതോടെ ഗവണ്‍മെന്റ് നിസ്സഹായമായി.