
















കാര്‍ ഫിനാന്‍സിന്റെ പേരില്‍ അധിക തുക പിടിച്ചെടുത്തെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബ്രിട്ടനിലെ ലക്ഷക്കണക്കിന് വാഹന ഉടമകള്‍ക്ക് ശരാശരി 829 പൗണ്ട് വരെ നഷ്ടപരിഹാരം. കാര്‍ ഫിനാന്‍സ് ഡീലുകളുടെ പേരില്‍ നടത്തിയ പിടിച്ചുപറിയുടെ പേരിലാണ് സിറ്റി വാച്ച്‌ഡോഗ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
2007 മുതല്‍ 2024 വരെ കാലയളവില്‍ നടന്ന 12.1 മില്ല്യണ്‍ ഫിനാന്‍സ് എഗ്രിമെന്റുകള്‍ക്കാണ് നഷ്ടപരിഹാരത്തിന് യോഗ്യതയുള്ളതായി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. മള്‍ട്ടി ബില്ല്യണ്‍ പൗണ്ട് വരുന്ന സ്‌കീമാണ് ഇതിനായി ഉപയോഗിക്കുക.
14 മില്ല്യണ്‍ കാര്‍ ഫിനാന്‍സ് എഗ്രിമെന്റുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു പ്രാഥമിക കണക്ക്. എന്നിരുന്നാലും 695 പൗണ്ട് നഷ്ടപരിഹാരം നല്‍കുമെന്ന ഒക്ടോബറിലെ അറിയിപ്പില്‍ നിന്നും അന്തിമപ്രഖ്യാപനത്തില്‍ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
സ്‌കീമില്‍ വെള്ളം ചേര്‍ക്കാന്‍ ലെന്‍ഡര്‍മാര്‍ എഫ്‌സിഎയുമായി ലോബിയിംഗ് നടത്തിവരികയായിരുന്നു. 7.5 ബില്ല്യണ്‍ പൗണ്ടെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ ചെലവ് വരുമെന്നാണ് കരുതുന്നത്. ബാധിക്കപ്പെട്ട 75 ശതമാനം പേരെങ്കിലും ഈ തുക ക്ലെയിം ചെയ്താല്‍ ബില്‍ ഉയരും. 
നഷ്ടപരിഹാരം ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയെന്ന് എഫ്‌സിഎ പറഞ്ഞു. എന്നിരുന്നാലും ശരാശരി നഷ്ടപരിഹാര തുക ഉയര്‍ത്തിയിട്ടുണ്ട്. നഷ്ടപരിഹാരത്തിന്മേല്‍ പലിശയും നല്‍കും. 2027 ആഗസ്റ്റ് അവസാനം വരെയാണ് ക്ലെയിം ഉന്നയിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം.
നഷ്ടപരിഹാരം കാലതാമസം കൂടാതെ നല്‍കുന്നത് ലെന്‍ഡര്‍മാര്‍ക്ക് വിശ്വാസം വീണ്ടെടുക്കാന്‍ അവസരം നല്‍കുമെന്ന് എഫ്‌സിഎ ചീഫ് എക്‌സിക്യൂട്ടീവ് നിഖില്‍ രതി പറഞ്ഞു. ആരോഗ്യകരമായ മോട്ടോര്‍ ഫിനാന്‍സ് മാര്‍ക്കറ്റ് സൃഷ്ടിക്കുന്നതിന് പിന്തുണ നല്‍കുകയാണ് ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് ലോണ്‍ വില്‍ക്കാന്‍ ലെന്‍ഡര്‍മാര്‍ കാര്‍ ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. ചില കേസുകളില്‍ വലിയ തോതിലാണ് പണം വാങ്ങിയത്. കാര്‍ വാങ്ങുമ്പോള്‍ ഡിസ്‌ക്രീഷണറി കമ്മീഷന്‍ അറേഞ്ച്‌മെന്റ് ഒപ്പുവെച്ചിട്ടുണ്ടെങ്കില്‍ ഈ സ്‌കീം പ്രകാരം ക്ലെയിം ചെയ്യാം. 2026 ജൂണ്‍ 30 മുതല്‍ സ്‌കീം ആരംഭിക്കും. ലെന്‍ഡറുമായി നേരിട്ട് എഴുതി ഇക്കാര്യങ്ങളെ കുറിച്ച് അറിയാന്‍ വ്യവസ്ഥയുണ്ട്.