
















സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 3 നാള്‍ മാത്രം. അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. ഓരോ പാര്‍ട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തില്‍ പങ്കാളിയാവുന്നുണ്ട്.നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കള്‍ ഇന്ന് കേരളത്തിലെത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയില്‍ തുടരുന്നുണ്ട്. ബിജെപിയുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് സംസ്ഥാന കാര്യാലയത്തില്‍ പതാക ഉയര്‍ത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ടെന്നീസ് താരം ലെണ്ടര്‍ പിയേസ്, ബിജെപി ദേശിയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ തുടങ്ങിയവരും തിരുവനന്തപുരത്ത് ഉണ്ട്. അവസാന മണിക്കൂറില്‍ ഡി കെ ശിവകുമാറിനെ ഇറക്കി കളം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. വട്ടിയൂര്‍ക്കാവ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനായി ഡി കെ ശിവകുമാര്‍ റോഡ് ഷോയില്‍ പങ്കെടുക്കും.
അതേസമയം, ഡീല്‍ വിവാദങ്ങളില്‍ ആരംഭിച്ച പ്രചാരണങ്ങള്‍ പിന്നീട് സംവാദ വെല്ലുവിളികലൂടെ കടന്ന് കോണ്‍ഗ്രസ് പിരിച്ച വയനാട് ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിലൂടെ കണ്ണൂരിലെ വ്യാജ ആധാര്‍ കാര്‍ഡുകളുടെ നിര്‍മ്മാണ ആരോപണത്തില്‍ എത്തി നില്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യതയിലാണ് എത്തിനില്‍ക്കുന്നത്.