CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 17 Minutes 31 Seconds Ago
Breaking Now

ഈസ്റ്റര്‍ രാത്രിയില്‍ വീട്ടുകാര്‍ പള്ളിയില്‍ പോയ തക്കം നോക്കി തലസ്ഥാനത്ത് രണ്ടിടങ്ങളില്‍ കവര്‍ച്ച ; മോഷണത്തില്‍ 17.5 പവന്‍ സ്വര്‍ണ്ണവും ആറേകാല്‍ ലക്ഷം രൂപയും നഷ്ടമായി

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കാഞ്ഞിരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഈസ്റ്റര്‍ രാത്രിയില്‍ വീട്ടുകാര്‍ പള്ളിയില്‍ പോയ തക്കം നോക്കി തലസ്ഥാനത്ത് രണ്ടിടങ്ങളില്‍ കവര്‍ച്ച. കരുംകുളം പുല്ലുവിളയില്‍ അയല്‍വാസികളായ രണ്ട് വീടുകളിലായി നടന്ന മോഷണത്തില്‍ 17.5 പവന്‍ സ്വര്‍ണ്ണവും ആറേകാല്‍ ലക്ഷത്തിലധികം രൂപയും നഷ്ടപ്പെട്ടു. പുല്ലുവിള പഴയതുറ പുരയിടത്തില്‍ മിനി, സമീപവാസി ബ്രിജിറ്റ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.

ശനിയാഴ്ച രാത്രി 11 മണിയോടെ മിനിയും കുടുംബവും ഈസ്റ്റര്‍ കുര്‍ബാനയ്ക്കായി പുല്ലുവിളയിലെ പള്ളിയിലേക്ക് പോയിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിന്‍വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് കിടപ്പുമുറികളിലെയും അലമാരകള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മിനിയുടെ വീട്ടില്‍ നിന്ന് മാത്രം മാലകള്‍, വളകള്‍, ബ്രേസ്ലെറ്റുകള്‍, മോതിരങ്ങള്‍ എന്നിവയുള്‍പ്പെടെ 17.5 പവന്‍ സ്വര്‍ണ്ണവും 6,65,000 രൂപയും നഷ്ടമായിട്ടുണ്ട്.

അയല്‍വാസിയായ ബ്രിജിറ്റിന്റെ വീട്ടില്‍ നിന്ന് രണ്ട് ഗ്രാം സ്വര്‍ണ്ണവും 500 രൂപയുമാണ് കവര്‍ന്നത്. രാത്രി 11.30-ന് പള്ളിയില്‍ പോയ ഇവര്‍ പുലര്‍ച്ചെ ഒരു മണിക്ക് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം അറിഞ്ഞത്. രണ്ട് വീടുകളിലും അടുക്കളവാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.

സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും എത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കാഞ്ഞിരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംശയാസ്പദമായ രീതിയില്‍ കണ്ട വാഹനങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.