
















പോ മോനേ വിജയാ' പരാമര്‍ശം ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പിണറായി വിജയന്റെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്നും ഗൗനിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും പിണറായിയുടെ കാലം കഴിഞ്ഞുവെന്നും പറഞ്ഞ അദ്ദേഹം ബൈ ബൈ പിണറായി എന്ന് വിളിക്കുകയും ചെയ്തു. പത്തനാപുരം മണ്ഡലത്തില്‍ നടന്ന പര്യാടനത്തിനിടയിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം.
തന്റെ ചോദ്യങ്ങള്‍ക്ക് പിണറായിക്ക് ഉത്തരമില്ല. മോദിയെ പിന്തുടരുന്നതിനെക്കുറിച്ചും മറുപടിയില്ല. പ്രായത്തെയും പദവിയും ബഹുമാനിക്കുന്നു. പിണറായിയുടെ വല്യേട്ടനാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. 'പിണറായി വിജയന്റെ കാലം കഴിഞ്ഞു. ബൈ ബൈ പിണറായി'- രേവന്ത് റെഡ്ഡി പറഞ്ഞു.
കണ്ണൂരില്‍ വാര്‍ത്തസമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ 'നീ പോ മോനെ വിജയാ' എന്ന പരാമര്‍ശത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് 'ഡാഷ് മോനെ രേവന്താ..., മറുപടി വരുന്നുണ്ട്' എന്ന് മുഖ്യമന്ത്രി പറഞ്ഞത്. 'രേവന്ത് റെഡ്ഡി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ സാധാരണ ഗതിയില്‍ കാണിക്കേണ്ട ചില രീതികളുണ്ട്. മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഈ ഇടപെടല്‍ വന്നിട്ടുള്ളതെന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കട്ടെ. ഏതായാലും അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ ഞാന്‍ പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോള്‍ അത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ' -പിണറായി വിജയന്‍ പറഞ്ഞു.
ഡാഷ് മോനേ പരാമര്‍ശം വിവാദമായതിന് പിന്നാലെ മുഖ്യമന്ത് പിണറായി വിജയന്‍ രേവന്ത് റെഡ്ഡിക്ക് മറുപടിക്കത്ത് അയച്ചു. ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് മുഖ്യമന്ത്രി നിരത്തുന്നുണ്ട്.
പോകും, മുന്നോട്ട് തന്നെ പോകും നവകേരള സൃഷ്ടിയിലൂടെ എല്ലാവര്‍ക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും' എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.