
















ബഹ്‌റൈനിലെ ആമസോണ്‍ വെബ് സര്‍വീസസ് കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാന്‍. അമേരിക്കയുടെയും ഇസ്രായേലിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് ഇറാന്‍ പ്രസ്താവിച്ചു. ബഹ്റൈനിലെ ആമസോണ്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കേന്ദ്രം യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സൈന്യത്തിനും വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നുവെന്നാണ് ഇറാന്റെ ആരോപണം.
ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ചാണോ അതോ സൈബര്‍ ആക്രമണമാണോ നടന്നതെന്ന കാര്യത്തില്‍ കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായി ഇറാന്‍ അനുകൂല കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് ബഹ്റൈന്‍ ഭരണകൂടമോ ആമസോണ്‍ അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും മേഖലയില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ 34 ദിവസമായി തുടരുന്ന യുഎസ്-ഇറാന്‍ സംഘര്‍ഷം ഇപ്പോള്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യം വെക്കുന്നതിലൂടെ യുഎസ് സമ്പദ്വ്യവസ്ഥയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്.
ലോകത്തെ പ്രധാന ക്ലൗഡ് സേവന ദാതാക്കളായ ആമസോണിന് നേരെയുള്ള ഇത്തരം നീക്കങ്ങള്‍ ആഗോള തലത്തില്‍ ഇന്റര്‍നെറ്റ്, ഡാറ്റാ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.