CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 59 Seconds Ago
Breaking Now

'ബിജെപിയിലല്ല രക്ഷയെന്ന് ബോധ്യമായത് സ്വാഗതാര്‍ഹം'; ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം

വൈകിയെങ്കിലുമുണ്ടായ തിരിച്ചറിവ് സ്വാഗതാര്‍ഹമാണ് - മുഖപ്രസംഗത്തില്‍ പറയുന്നു.

ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. ബിജെപി നിലപാടിനെ പിന്തുണച്ച ബിഷപ്പുമാര്‍ക്ക് വൈകിയാണെങ്കിലും തിരിച്ചറിവുണ്ടായെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. എഫ്സിആര്‍എ വിഷയം ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് മുഖപ്രസംഗം. 

തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമാക്കി കേരളത്തില്‍ ബിജെപി നടത്തിക്കൊണ്ടിരുന്ന ക്രിസ്ത്യന്‍ സാമുദായിക പ്രീണനത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും എത്രയോ കാലമായി മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്നും കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയുമെന്ന ചൊല്ല് അന്വര്‍ത്ഥമായിരിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ കാലങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷവേട്ടകള്‍ അധികാരലബ്ധിക്കായി ബിജെപി ഒളിഞ്ഞും തെളിഞ്ഞും മുതലാക്കിക്കൊണ്ടിരിക്കുന്നത് കണ്‍മുന്നില്‍ കണ്ടിട്ടും പല കാരണങ്ങള്‍കൊണ്ടും അവര്‍ക്ക് അനുകൂലമായ നിലപാടുകളും പ്രസ്താവനകളും നടത്താന്‍ ക്രിസ്ത്യന്‍ സാമുദായികനേതാക്കള്‍ക്കും സഭാധ്യക്ഷന്മാര്‍ക്കും യാതൊരു മടിയുമുണ്ടായിരുന്നില്ല. സാമുദായികനേതാക്കള്‍ക്കും സഭാധ്യക്ഷന്മാര്‍ക്കും യാതൊരു മടിയുമുണ്ടായിരുന്നില്ല. ബിജെപിയിലാണ് രക്ഷയെന്നും നരേന്ദ്ര മോഡിയാണ് രക്ഷകനെന്നുമുള്ള വാഴ്ത്തുപാട്ടുകള്‍ അവസാനിക്കാന്‍ അധികകാലം വേണ്ടിവരില്ലെന്ന് ഇടതുപക്ഷം വളരെ കൃത്യമായി തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ ആ തിരിച്ചറിവ് സഭാധ്യക്ഷന്മാര്‍ക്ക് അടക്കം ഉണ്ടാകാന്‍ സമയമേറെയെടുത്തു. വൈകിയെങ്കിലുമുണ്ടായ തിരിച്ചറിവ് സ്വാഗതാര്‍ഹമാണ് - മുഖപ്രസംഗത്തില്‍ പറയുന്നു.

ക്രിസ്ത്യന്‍ സമുദായത്തെ സംഘ്പരിവാറിന്റെ ആലയിലേക്ക് അടിച്ചുതെളിക്കാന്‍ അച്ചാരം വാങ്ങിയ പി സി ജോര്‍ജും മകനും എത്ര നികൃഷ്ടമായ പദങ്ങളാണ് കഴിഞ്ഞ ദിവസം കത്തോലിക്കാ സഭാധ്യക്ഷന്മാര്‍ക്കെതിരെയും സഭയുടെ കീഴിലുള്ള പത്രത്തിനെതിരെയും പ്രയോഗിച്ചതെന്ന് ചിന്തിക്കേണ്ടതുണ്ടതെന്നും ജനയുഗം ചൂണ്ടിക്കാട്ടുന്നു. വോട്ടെടുപ്പുവരെ അരമനകള്‍ കയറിയിറങ്ങിയ ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാര്യങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി മനസിലായി. ക്രിസ്ത്യാനികളെല്ലാം കൂട്ടത്തോടെ ബിജെപിക്ക് വോട്ടുചെയ്യുമെന്ന് വിശ്വസിപ്പിച്ച് അച്ചാരം വാങ്ങിയ കോടികള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ കണക്കുപറയേണ്ടി വരുമെന്ന് വന്നതോടെയാണ് അവര്‍ സഭയ്ക്കും സഭാധ്യക്ഷന്മാര്‍ ക്കുമെതിരെ നികൃഷ്ടമായ പ്രയോഗങ്ങള്‍ നടത്തിയത് - മുഖപ്രസംഗത്തില്‍ പറയുന്നു.

ഇടക്കാലത്ത് ബിജെപിക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുകയും കേന്ദ്രസര്‍ക്കാരിന് അനുകൂലമായ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്ത മെത്രാന്മാര്‍ വിദേശസംഭാവനാ നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയതോടെയാണ് അങ്കലാപ്പിലായതെന്നും ആരോപണമുണ്ട്. സഭകളുടെ സ്വാധീനങ്ങള്‍ക്ക് പൂട്ടിടാന്‍ അവരുടെ സാമ്പത്തികസ്രോതസ് അടയ്ക്കാനുള്ള നീക്കങ്ങളാണ് ബിജെപി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായിരിക്കുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിക്കുകയും കന്യാസ്ത്രീകളുള്‍പ്പെടെ മിഷനറിമാരെ അറസ്റ്റ് ചെയ്തും തുറുങ്കിലടച്ചും അതിക്രൂരമായി പീഡിപ്പിക്കുകയും വ്യാപകമായി വിദ്വേഷപ്രചാരണങ്ങള്‍ നടത്തുകയും ചെയ്തിട്ടും മെത്രാന്മാര്‍ ശക്തമായി പ്രതികരിക്കുകയോ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. അപ്പോഴെല്ലാം അതിനെതിരെ ശബ്ദമുയര്‍ത്തിയത് രാജ്യത്തെ ഇടതുപക്ഷമാണ്. ഏറെ വൈകിയാണെങ്കിലും ബിജെപിയുടെ കപട ക്രിസ്ത്യന്‍പ്രേമം സഭാനേതാക്കള്‍ക്കും വിശ്വാസികള്‍ക്കും ബോധ്യപ്പെട്ടത് നല്ല കാര്യം തന്നെയാണ് - മുഖപ്രസംഗത്തില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.