
















തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ ചലച്ചിത്ര മേക്കപ്പ്മാന്‍ ബിജീഷും. നടിമാരായ നമിത പ്രമോദ്, അനന്യ എന്നിവരുടെ മേക്കപ്പ്മാനായിരുന്നു ബിജേഷ്. വാര്‍ത്തയുടെ നടുക്കം മാറാത്ത താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചന കുറിപ്പ് പങ്കിട്ടു.
'ബിജീഷ്, ഇന്ന് രാവിലെ എഴുന്നേറ്റത് നിന്റെ വാര്‍ത്ത കേട്ടാണ്. വിശ്വസിക്കാന്‍ പറ്റാതെ ആകെ ഒരു സ്തംഭനം ആയിപ്പോയി. കഴിഞ്ഞദിവസം തൃശ്ശൂരില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നിന്നെ ഞങ്ങള്‍ക്ക് നഷ്ടമായി എന്ന് ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്നു. കഴിഞ്ഞ 13 കൊല്ലമായി എന്റെ കൂടെ എന്റെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ബിജി ഉണ്ട്, ഒരു സഹോദര തുല്യനായി. വളരെ സേഫ് ആന്‍ഡ് സെക്യുറായി കൂടെ നിന്നും, തമാശയും പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും വര്‍ക്ക്ചെതു. നിന്നെ മിസ്സ് ചെയ്യും ബിജി. വലിയ നഷ്ടമാണ് നീ പോയതില്‍ ഉണ്ടായത്. നീ ഞങ്ങള്‍ക്കിടയില്‍ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം,' എന്ന് അനന്യ.
'ഇന്ന് ഞാന്‍ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. എന്റെ ഹൃദയത്തില്‍ അസഹനീയമാം വിധം ഭാരം തോന്നുന്നു. തൃശ്ശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തില്‍ നിങ്ങളെപ്പോലുള്ള ഒരാളെ എനിക്ക് നഷ്ടപ്പെടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. നിങ്ങള്‍ ഇനി ഞങ്ങളോടൊപ്പമില്ലെന്ന് എനിക്ക് ഇപ്പോഴും അംഗീകരിക്കാന്‍ കഴിയുന്നില്ല.
8 വര്‍ഷത്തിലേറെയായി നീ ഞങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ ഒരിക്കലും എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നില്ല. ഒരു കുടുംബാംഗമായിരുന്നു. ജോലിസ്ഥലത്തെ ഓരോ ദിവസവും നിങ്ങള്‍ എനിക്ക് സുരക്ഷിതത്വവും സന്തോഷവും സുഖവും നല്‍കി. ഞാന്‍ എന്നും നിങ്ങളെ എന്റെ സഹോദരനായിട്ടാണ് കണ്ടത്.
നിഷ്‌കളങ്കനും ആത്മാര്‍ത്ഥതയുള്ളവനുമായിരുന്നു... ഞാന്‍ ഇതുവരെ അറിഞ്ഞിട്ടുള്ളതില്‍ വച്ച് ഏറ്റവും ശുദ്ധരായ മനുഷ്യരില്‍ ഒരാളായിരുന്നു. തൃശൂര്‍ പൂരത്തോടുള്ള നിങ്ങളുടെ സ്‌നേഹവും ആവേശവും സമാനതകളില്ലാത്തതായിരുന്നു. ഈ വിടവാങ്ങല്‍ എന്റെ ഹൃദയത്തെ തകര്‍ക്കുന്നു.
നീയില്ലാതെ ഞാന്‍ എങ്ങനെ വീണ്ടും ഒരു സെറ്റിലേക്ക് കാലെടുത്തുവയ്ക്കുമെന്ന് എനിക്കറിയില്ല. നിങ്ങള്‍ എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. നിങ്ങള്‍ കൂടെയുള്ളത് വളരെ അര്‍ത്ഥവത്തായിരുന്നു. വളരെ വേഗം പൊയ്ക്കളഞ്ഞു. എല്ലാ ദിവസവും ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യും,' നമിത പ്രമോദ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഇങ്ങനെയെഴുതി.