
















ഇനിയും വിഴുപ്പ് ചുമന്ന് നടക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഒരു വിഭാഗം ലേബര്‍ എംപിമാര്‍. കുട്ടിപ്പീഡകനായ എപ്സ്റ്റീനുമായി സൗഹൃദം പുലര്‍ത്തുകയും, ഔദ്യോഗിക ഫയല്‍ വരെ ചോര്‍ത്തിയെന്ന് സംശയം നേരിടുകയും ചെയ്യുന്ന മണ്ടേല്‍സനെ അംബാസിഡര്‍ പദവിയിലെത്തിച്ച തീരുമാനത്തില്‍ വരുത്തിയ വീഴ്ചകള്‍ വരുത്തിയ പ്രധാനമന്ത്രിയെ ഇനിയും ചുമക്കാന്‍ കഴിയില്ലെന്നാണ് ആഞ്ചെല റെയ്‌നറെ പിന്തുണയ്ക്കുന്ന എംപിമാരുടെ നിലപാട്.
ഈ വിഷയത്തില്‍ കീര്‍ സ്റ്റാര്‍മര്‍ പുറത്ത് പോകണമെന്ന് റെയ്‌നര്‍ അനുകൂലികള്‍ മറയില്ലാതെ വ്യക്തമാക്കുന്നു. അടുത്ത ആഴ്ച നടക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പിന് അപ്പുറത്തേക്ക് സ്റ്റാര്‍മറുടെ പ്രധാനമന്ത്രി കസേരയ്ക്ക് ആയുസ്സില്ലെന്നാണ് ഇവര്‍ പറഞ്ഞുപരത്തുന്നത്.
കീര്‍ സ്റ്റാര്‍മറുടെ നേതൃത്വം തുടരുന്നിടത്തോളം ലേബര്‍ പാര്‍ട്ടി 'കുട്ടിപീഡകരെ സംരക്ഷിക്കുന്ന' പാര്‍ട്ടിയെന്ന കുപ്രശസ്തി നിലനിര്‍ത്തുമെന്ന് ഒരു റെയ്‌നര്‍ അനുകൂലി മുന്നറിയിപ്പ് നല്‍കി. മണ്ടേല്‍സണ്‍ വിവാദം ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന പരമ്പരാഗത തൊഴിലാളി വിഭാഗങ്ങള്‍ക്കിടയില്‍ ദൂരവ്യാപകമായ കേടുപാടാണ് സൃഷ്ടിക്കുന്നതെന്ന് മുന്നറിയിപ്പ് വ്യക്തമാക്കി.
എപ്സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ച് മറച്ചുവെച്ച് മണ്ടേല്‍സനെ അംബാസിഡറാക്കിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെയാണ് മുന്‍ കമ്മ്യൂണിക്കേഷന്‍സ് മേധാവി മാത്യൂ ഡോയലിന് പിയറേജ് സമ്മാനിക്കാന്‍ പ്രധാനമന്ത്രി തീരുമാനമെടുത്തത്. കുട്ടിപ്പീഡനത്തിന് കുറ്റം ചാര്‍ത്തിയ കൗണ്‍സിലര്‍ക്കായി പ്രചരണത്തിന് ഇറങ്ങിയതിന് ലേബര്‍ വിപ്പ് സസ്‌പെന്‍ഡ് ചെയ്ത വ്യക്തിയാണ് ഡോയല്‍. ഈ വിധത്തില്‍ പീഡനക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയെന്ന ദുഷ്‌പ്പേര് സമ്പാദിച്ചെന്നും വിമര്‍ശനമുണ്ട്.