
















ബ്രിട്ടനില്‍ ഇപ്പോള്‍ ആരെങ്കിലും ഭരണനിര്‍വ്വഹണം നടത്തുന്നുണ്ടോ? ഇതെന്ത് ചോദ്യമെന്നാണെങ്കില്‍ അവസ്ഥ ഒന്നുകൂടി സസൂക്ഷ്മം നിരീക്ഷിച്ച് നോക്കൂ. ഇന്ധന പ്രതിസന്ധി ഒരു ഭാഗത്ത് ക്ഷാമത്തിന്റെ രൂപത്തില്‍ ഉരുണ്ടുകൂടുന്നു. ആഴ്ചകള്‍ക്കുള്ളില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പും. പക്ഷെ പ്രധാനമന്ത്രിയുടെ ഓഫീസിന് ഇപ്പോള്‍ വിവാദങ്ങളില്‍ നിന്നും കരകയറാനുള്ള സമയം പോലുമില്ല. പിന്നെങ്ങനെ ഭരണം നടത്തും?
കീര്‍ സ്റ്റാര്‍മര്‍ ചെന്ന് ചാടിക്കൊടുത്ത വിവാദങ്ങളില്‍ നിന്നും കസേര സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് നം.10. അതുകൊണ്ട് തന്നെ ഇറാന്‍ പ്രതിസന്ധിയുടെ ആഘാതത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്താനുള്ള പരിശ്രമങ്ങളൊന്നും നടക്കുന്നില്ലെന്നാണ് സീനിയര്‍ ഗവണ്‍മെന്റ് ശ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നതാണ് വിതരണ ശൃംഖലയെ സാരമായി ബാധിച്ചിരിക്കുന്നത്. യുദ്ധം നീണ്ടുപോകുമ്പോള്‍ നേരിടാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ നം.10-നോട് ആവശ്യപ്പെടുകയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. വിമാനങ്ങളിലൂടെ എത്തിക്കുന്ന അവശ്യ വസ്തുക്കള്‍ മൂന്നാഴ്ചത്തേക്ക് മാത്രമാണ് തികയുകയെന്നാണ് റിപ്പോര്‍ട്ട്.
യുകെ വിമാനകമ്പനികള്‍ക്ക് അധിക സര്‍വ്വീസുകള്‍ കൂട്ടിച്ചേര്‍ക്കാനും ഇപ്പോള്‍ സാധിക്കുന്നില്ല. എന്നാല്‍ ഇതിലൊന്നും ശ്രദ്ധിക്കാതെ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തില്‍ വാഴുമോ, വീഴുമോ എന്നതിലാണ് സകല ശ്രദ്ധയെന്നാണ് ഒരു ശ്രോതസ്സ് മെയിലിനോട് വെളിപ്പെടുത്തുന്നത്. സുപ്രധാന എന്‍എച്ച്എസ് മരുന്നുകള്‍ക്ക് ഇതിനകം തന്നെ നിരക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്. ചില ഫാര്‍മസികള്‍ 11 ഇരട്ടി വര്‍ദ്ധനവാണ് ഫെബ്രുവരി മുതല്‍ നടപ്പാക്കിയിരിക്കുന്നത്.