
















ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ പ്രോഗ്രാമില്‍ ഒരു ദശകത്തിന് ശേഷം ആദ്യമായി സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍ ഒരു പൊതു ആഗോള ഫീ സ്ട്രക്ചറും, കര്‍ശനമായ പാസ്‌പോര്‍ട്ട് നിയമങ്ങളും, ഒരു വിഭാഗം ഇന്ത്യന്‍ ജനതയ്ക്ക് വിപുലമായ യോഗ്യതാ മാനദണ്ഡങ്ങളുമാണ് നടപ്പിലാക്കുന്നത്.
ഇന്ത്യന്‍ വംശജരുടെ അഡ്മിനിസ്‌ട്രേഷന്‍ ആധുനികവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള മാറ്റങ്ങള്‍, ബയോമെട്രിക് വേരിഫിക്കേഷന്‍ സിസ്റ്റം മെച്ചപ്പെടുത്തുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മിഷനുകളും, കോണ്‍സുലേറ്റുകളും നല്‍കുന്ന സേവനങ്ങള്‍ ഏകീകരിക്കുകയും ചെയ്യും.
ഇതുവരെ വിവിധ മിഷനുകളില്‍ വ്യത്യസ്ത ഫീസുകള്‍ ഉണ്ടായിരുന്നത് ഏകോപിപ്പിച്ച് ഒരു ആഗോള ഫീസ് സിസ്റ്റം നിലവില്‍ വരുന്നതാണ് പ്രധാനപ്പെട്ട മാറ്റം. മാറിയ രീതിയില്‍ പുതിയ ഒസിഐ ആപ്ലിക്കേഷനുകള്‍ വിദേശത്ത് നിന്നും സമര്‍പ്പിക്കാന്‍ 275 ഡോളറും (അല്ലെങ്കില്‍ പ്രാദേശിക കറന്‍സി അനുസരിച്ച്), ഇന്ത്യയില്‍ നിന്ന് സമര്‍പ്പിക്കാന്‍ 15,000 രൂപയുമാണ് ഫീസ്. പാസ്‌പോര്‍ട്ടിലെ മാറ്റം, വ്യക്തിഗത വിവരങ്ങളിലെ അപ്‌ഡേറ്റ് എന്നിവ വരുത്തിയ ശേഷം ഒസിഐ കാര്‍ഡ് വീണ്ടും ഇഷ്യൂ ചെയ്യാന്‍ 25 ഡോളറും ചെലവ് വരും.
ഒസിഐ കാര്‍ഡ് നഷ്ടമാകുകയോ, കേട് വരുകയോ ചെയ്താല്‍ ഡ്യൂപ്ലിക്കേറ്റ് ലഭിക്കാന്‍ 100 ഡോളറാണ് ഫീസ്. പഴയ പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡുകള്‍ ഒസിഐ സ്റ്റാറ്റസിലേക്ക് മാറ്റാനും 100 ഡോളര്‍ ചെലവ് വരും.
പാസ്‌പോര്‍ട്ട് അപ്‌ഡേറ്റുകളില്‍ എല്ലാ ഒസിഐ കാര്‍ഡുകാര്‍ക്കും നിര്‍ബന്ധിത നിബന്ധനകളും മാറിയ നിയമങ്ങളില്‍ വരുന്നുണ്ട്. പുതിയ വിദേശ പാസ്‌പോര്‍ട്ട് ലഭിച്ച് മൂന്ന് മാസത്തിനകം കാര്‍ഡ് ഉടമകള്‍ ഈ വിവരം ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴി ഒസിഐ പ്രൊഫൈലില്‍ അപ്‌ഡേറ്റ് ചെയ്യണം. 90 ദിവസത്തിനകം ഇത് പൂര്‍ത്തിയായില്ലെങ്കില്‍ 25 ഡോളര്‍ പിഴ അടയ്ക്കണം.
വിദേശ പാസ്‌പോര്‍ട്ട് വിവരങ്ങളും, അപ്‌ഗ്രേഡ് ബയോമെട്രിക് വേരിഫിക്കേഷന്‍ സിസ്റ്റവും തമ്മില്‍ ബന്ധമുള്ളതിനാല്‍ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ വേഗത്തില്‍ 'ഇ-ഗേറ്റ്' ഇമിഗ്രേഷന്‍ പ്രൊസസിംഗ് പൂര്‍ത്തിയാക്കാം.
ഇതിന് പുറമെ ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരായ തമിഴ് സമൂഹത്തിലെ അഞ്ച്, ആറ് തലമുറകളില്‍ പെട്ടവര്‍ക്ക് കൂടി ഒസിഐ കാര്‍ഡ് നേടാന്‍ യോഗ്യത വിപുലീകരിച്ചിട്ടുണ്ട്. നേരത്തെ ഇത് നാലാം തലമുറ വരെയുള്ളവര്‍ക്കാണ് ലഭ്യമാക്കിയിരുന്നത്.