CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 6 Seconds Ago
Breaking Now

ഇപ്പൊ കിട്ടും നോക്കിയിരുന്നോ! ബ്രിട്ടനില്‍ വാടക ഫ്രീസിംഗ് വരുന്നുവെന്ന വാര്‍ത്ത തള്ളി നം.10; ലോക്കല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് വാടക വര്‍ദ്ധന മരവിപ്പിച്ച് നിര്‍ത്തുമെന്ന പ്രതീക്ഷയില്‍ വെള്ളമൊഴിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; റീവ്‌സിന് അങ്ങനൊരു 'ഉദ്ദേശമില്ല'!

പ്രധാനമന്ത്രിയുടെ ഓഫീസ് പദ്ധതിയെ എതിര്‍ക്കുന്നതായി വ്യക്തമായതോടെ നടപടി മുന്നോട്ട് പോകുമെന്ന് ഉറപ്പില്ല

ലോക്കല്‍ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. മേയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ലേബര്‍ പാര്‍ട്ടിയുടെ ചോര വീഴ്ത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ജനം സകലമേഖലയിലും പൊറുതിമുട്ടി നില്‍ക്കുന്നു. ഈ ഘട്ടത്തില്‍ ബ്രിട്ടനിലെ വാടക നിരക്കുകള്‍ 'മരവിപ്പിച്ച്' ജീവിതച്ചെലവ് പ്രതിസന്ധിയില്‍ സജീവമായി ഇടപെട്ട് വോട്ട് നേടാന്‍ നീക്കം നടക്കുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

24 മണിക്കൂര്‍ തികയും മുന്‍പ് വാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് ഡൗണിംഗ് സ്ട്രീറ്റ്. പ്രൈവറ്റ് സെക്ടര്‍ വാടക മരവിപ്പിച്ച് നിര്‍ത്തുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് നം.10 നിലപാട്. യുദ്ധം പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ജനജീവിതം ദുസ്സഹമാകുകയാണ്. ഈ ഘട്ടത്തില്‍ അല്‍പ്പം ആശ്വാസം നല്‍കാനും, ഇതുവഴി വോട്ട് നേടാനുമാണ് നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട്.  

എന്നാല്‍ ഈ നിലപാടാകില്ല സ്വീകരിക്കുകയെന്ന് നം.10 വക്താവ് വിശദമാക്കി. 'ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബില്ലുകള്‍ കുറച്ചും, കുറഞ്ഞ എനര്‍ജി നിരക്കുകളിലൂടെ വാടകയ്ക്ക് താമസിക്കുന്നവരെ പിന്തുണയ്ക്കുകയുമാണ് ഉദ്ദേശിക്കുന്നത്', അവര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം റേച്ചല്‍ റീവ്‌സ് പദ്ധതി വിട്ടിട്ടില്ലെന്ന സൂചനയാണ് ഇവര്‍ കോമണ്‍സില്‍ നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തെ റെന്റ് ഫ്രീസ് നടപ്പിലാക്കാനാണ് ചാന്‍സലര്‍ ആലോചിക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പ്രത്യാഘാതമായി കുടുംബ ബജറ്റുകള്‍ ഞെരുക്കം നേരിടുമ്പോള്‍ ആശ്വാസമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്ന പദ്ധതിയിലാണ് ഈ ഫ്രീസിംഗും ഇടംപിടിക്കേണ്ടിയിരുന്നത്. 

പ്രധാനമന്ത്രിയുടെ ഓഫീസ് പദ്ധതിയെ എതിര്‍ക്കുന്നതായി വ്യക്തമായതോടെ നടപടി മുന്നോട്ട് പോകുമെന്ന് ഉറപ്പില്ല. 




കൂടുതല്‍വാര്‍ത്തകള്‍.