
















പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെ സംബന്ധിച്ച് നിര്‍ണ്ണായക ദിനങ്ങളാണ് കടന്നുപോകുന്നത്. പീറ്റര്‍ മണ്ടേല്‍സനെ അംബാസിഡറായി നിയോഗിച്ചതിന്റെ പേരില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇതില്‍ സ്റ്റാര്‍മറുടെ ഭാഗത്ത് നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ജാഗ്രതക്കുറവ് ഉണ്ടായി. ഇതും പോരാഞ്ഞ് എംപിമാരെ വിഷയത്തില്‍ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം.
ചൊവ്വാഴ്ച വൈകുന്നേരം വിഷയം സഭയില്‍ അവതരിപ്പിക്കുമ്പോള്‍ യുഎസ് അംബാസിഡറായി മണ്ടേല്‍സനെ നിയോഗിക്കുന്ന തീരുമാനത്തിലേക്ക് എത്തിയത് സംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നുണ പറഞ്ഞിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ തീരുമാനം അറിയിക്കാന്‍ എംപിമാര്‍ വോട്ട് ചെയ്യും. പാര്‍ട്ടിക്ക് പകരം രാജ്യത്തെ മുന്നില്‍ വെച്ച് വിഷയത്തില്‍ അന്വേഷണത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് കെമി ബാഡെനോക് ലേബര്‍ എംപിമാരോട് പറഞ്ഞു.
വോട്ടെടുപ്പില്‍ തോറ്റാല്‍ ഇത് സ്റ്റാര്‍മറുടെ അന്ത്യചിത്രം കുറിയ്ക്കും. ഇത് ഭയന്ന് ലേബര്‍ ബാക്ക്‌ബെഞ്ച് എംപിമാരോട് തനിക്ക് വോട്ട് ചെയ്യുന്നത് നിര്‍ബന്ധമായി വിപ്പ് നല്‍കുമെന്നാണ് സൂചന. കസേര രക്ഷിച്ചെടുക്കാന്‍ എംപിമാരെ 'കൈകാര്യം' ചെയ്യുകയാണ് ഡൗണിംഗ് സ്ട്രീറ്റ്. എന്നാല്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച സ്റ്റാര്‍മര്‍ക്ക് മുകളില്‍ ഉത്തരവാദിത്വം ചുമത്താന്‍ എംപിമാര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ബാഡെനോക് ചൂണ്ടിക്കാണിച്ചു.
പ്രധാനമന്ത്രിയെ നാണക്കേടില്‍ നിന്നും സംരക്ഷിക്കുന്നത് മാത്രമല്ല ലേബര്‍ ബാക്ക്‌ബെഞ്ച് എംപിമാരുടെ ഉത്തരവാദിത്വമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. 'ഇത് ലേബര്‍ എംപിമാര്‍ക്കുള്ള പരീക്ഷണമാണ്. ഇവര്‍ക്ക് കറങ്ങിനടന്ന് വിപ്പ് അനുസരിച്ച് ഇത് രാഷ്ട്രീയം മാത്രമെന്ന് പറയാം. അതല്ലെങ്കില്‍ അവര്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ എന്നതിനേക്കാള്‍ ഉപരി എംപിമാരാണെന്ന് ഓര്‍മ്മിക്കാം', ടോറി നേതാവ് ചൂണ്ടിക്കാണിച്ചു.