
















ഇറാന്‍ യുദ്ധം അവസാനിച്ചാലും പിന്നീടുള്ള എട്ട് മാസങ്ങളില്‍ ഭക്ഷ്യ, ഇന്ധന വിലക്കയറ്റം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ആഗോള എണ്ണ, ഗ്യാസ് ചരക്കുനീക്കത്തില്‍ സുപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞ് കിടക്കുന്നതാണ് ബ്രിട്ടനിലും വിലക്കയറ്റത്തിന് ഊര്‍ജ്ജം പകരുന്നത്. ഫെബ്രുവരിയില്‍ ഇറാന് എതിരായ യുഎസ്, ഇസ്രയേല്‍ അക്രമം ആരംഭിച്ചത് മുതല്‍ ഇവിടെ സ്ഥിതിഗതികള്‍ അനിശ്ചിതത്വത്തിലാണ്.
സംഘര്‍ഷം എനര്‍ജി, ഭക്ഷ്യ, വിമാന നിരക്കുകളില്‍ വിലക്കയറ്റം സൃഷ്ടിക്കുന്നത് തുടരുമെന്നാണ് പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറി ഡാരെണ്‍ ജോണ്‍സ് നല്‍കുന്ന മുന്നറിയിപ്പ്. എനര്‍ജി വിതരണത്തിലെ പ്രതിസന്ധികള്‍ ഉത്പാദനമേഖലയെ സാരമായി ബാധിക്കുന്നുണ്ട്. ഇത് വരുംമാസങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ ക്ഷാമമായി മാറാനും ഇടയുണ്ട്.
ഉയര്‍ന്ന ഇന്ധനവില തിരിച്ചടിക്കുമ്പോഴും കാറുകളില്‍ സാധാരണ നിലയില്‍ തന്നെ ഇന്ധനം നിറയ്ക്കാനാണ് യുകെ ഗവണ്‍മെന്റ് ആവശ്യപ്പെടുന്നത്. ജെറ്റ് ഫ്യൂവല്‍ ക്ഷാമത്തിന് സാധ്യത നില്‍ക്കുമ്പോഴും വിമാനയാത്രാ പദ്ധതികള്‍ മാറ്റേണ്ടെന്നാണ് ഗവണ്‍മെന്റ് ഉപദേശം. 'മിഡില്‍ ഈസ്റ്റില്‍ ഡൊണാള്‍ഡ് ട്രംപ് സൃഷ്ടിച്ച അവസ്ഥയുടെ പ്രത്യാഘാതം വിലക്കയറ്റമായി കാണാന്‍ ഇരിക്കുന്നതേയുള്ളൂ. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് നേരിടാം. ചിലപ്പോള്‍ ഏതാനും മാസങ്ങള്‍ ഇത് നീണ്ടുനില്‍ക്കുകയും ചെയ്യും', ജോണ്‍സ് ബിബിസിയോട് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് തുറന്ന് സാധാരണ നിലയില്‍ എത്തിയാലും എട്ട് മാസമെങ്കിലും തടസ്സം തുടരുമെന്നാണ് ജോണ്‍സിന്റെ പക്ഷം. കീര്‍ സ്റ്റാര്‍മര്‍ ഭരണകൂടം പ്രതിസന്ധി നേരിടുന്നതിനാല്‍ ഈ പ്രശ്‌നങ്ങളെ കുറിച്ചൊന്നും ആലോചിക്കാന്‍ സര്‍ക്കാരിന് സമയമില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് വിഷയത്തില്‍ ഒരു മന്ത്രി പ്രതികരണത്തിന് മുതിരുന്നത്.