
















ഇറാന്‍ യുദ്ധത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ എത്രത്തോളം കൃത്യമാണെന്ന കാര്യത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് കടുത്ത സംശയം പ്രകടിപ്പിച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍. യുദ്ധരംഗത്ത് അമേരിക്കന്‍ സൈന്യം വന്‍ വിജയങ്ങള്‍ നേടുന്നുവെന്നും ഇറാന്റെ നാവിക-വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നുമാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജനറല്‍ ഡാന്‍ കെയ്‌നും അവകാശപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം മറ്റൊന്നാണോ എന്നാണ് വാന്‍സിന്റെ ചോദ്യം.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പെന്റഗണ്‍ തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന ആശങ്ക വാന്‍സിനുണ്ട്. യുദ്ധം എട്ട് ആഴ്ച പിന്നിടുമ്പോള്‍ അമേരിക്കയുടെ മിസൈല്‍ ശേഖരത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും, ഇത് ഭാവിയില്‍ ചൈനയോ റഷ്യയോ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് തടസമാകുമെന്നും അദ്ദേഹം രഹസ്യ യോഗങ്ങളില്‍ ചൂണ്ടിക്കാട്ടി. പരസ്യമായി പ്രതിരോധ സെക്രട്ടറിയെ പ്രശംസിക്കുമ്പോഴും, അടച്ചിട്ട മുറികള്‍ക്കുള്ളില്‍ വാന്‍സ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ട്രംപ് ഭരണകൂടത്തിനുള്ളിലെ ഭിന്നതയുടെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വാദമെങ്കിലും, രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നത് മറിച്ചാണ്. ഇറാന്റെ വ്യോമസേനയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോഴും സുരക്ഷിതമാണെന്നും ഹോര്‍മുസ് കടലിടുക്കില്‍ ഭീഷണി ഉയര്‍ത്താന്‍ ശേഷിയുള്ള മിസൈലുകളും ബോട്ടുകളും അവരുടെ പക്കലുണ്ടെന്നുമാണ് കണ്ടെത്തല്‍. ഇതിനിടെ, അമേരിക്കയുടെ പക്കലുള്ള പ്രധാന വെടിക്കോപ്പുകളുടെ പകുതിയിലധികം ഇതിനോടകം തന്നെ തീര്‍ന്നുപോയതായി പ്രമുഖ തിങ്ക് ടാങ്കായ സിഎസ്ഐഎസ് വെളിപ്പെടുത്തിയിട്ടുണ്ട്.