
















യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വളളംകളി 2026 ഓഗസ്റ്റ് 15 ന് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ അരങ്ങേറുവാന്‍ ദിവസങ്ങള്‍ അടുത്ത് വരവെ അതിന്റെ ആവേശം ഓരോ നിമിഷവും കൂടി വരുമ്പോള്‍ ഇന്ന് രണ്ടാമത്തെ ഹീറ്റ്‌സില്‍ മത്സരിക്കുന്ന കാരിച്ചാല്‍, വേമ്പനാട്, നെടുമുടി എന്നീ ടീമുകളെ പരിചയപ്പെടാം.

ഹീറ്റ്‌സ് 2
കാരിച്ചാല്‍
ബാബു എബ്രഹാം കളപ്പുരക്കല്‍ ക്യാപ്റ്റന്‍ ആയിട്ടുള്ള സെവന്‍ സ്റ്റാര്‍ ബോട്ട് ക്ലബ് കവന്‍ട്രി യുക്മ കേരള പൂരം വള്ളംകളി ആരംഭിച്ച 2017 മുതല്‍ ഇന്നേവരെ ഇടമുറിയാതെ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമാണ് കാരിച്ചാല്‍. 2017 ലെ കേരള പൂരം വള്ളംകളിയുടെ ആരംഭത്തില്‍ തന്നെ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും തുടര്‍ന്നുള്ള എല്ലാ വര്‍ഷത്തെയും കേരള പൂരം വള്ളംകളിയില്‍ ഫൈനലില്‍ പ്രവേശിക്കുകയും ചാമ്പ്യന്‍ ട്രോഫി ഒഴിച്ച് ബാക്കി എല്ലാ സ്ഥാനങ്ങളും കരസ്ഥമാക്കിയ ടീമാണ് സെവന്‍ സ്റ്റാര്‍ ബോട്ട് ക്ലബ് കവന്‍ട്രി.യുവാക്കളെ കൊണ്ട് സമ്പന്നമായ ബോട്ട് ക്ലബ് ആണ് സെവന്‍ സ്റ്റാര്‍ ബോട്ട് ക്ലബ് കവന്‍ട്രി. പരിചയസമ്പന്നതയുള്ള ക്യാപ്റ്റനും കൂടെ ആവുമ്പോള്‍ ഈ വര്‍ഷത്തെ കേരള പൂരം വള്ളംകളിയില്‍ സെവന്‍ സ്റ്റാര്‍ ബോട്ട് ക്ലബ് കവന്‍ട്രി മാന്‍വേഴ്സ് തടാകത്തില്‍ തീപാറിക്കും എന്ന കാര്യത്തില്‍ സംശയമില്ല.കലവറ കേരള സൂപ്പര്‍ മാര്‍ക്കറ്റ് കവന്‍ട്രിയാണ് കാരിച്ചാല്‍ ടീമിനെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

വേമ്പനാട്
പ്രശസ്തമായ വേമ്പനാട് വളളത്തില്‍ ഇത്തവണ തുഴയാനെത്തുന്ന
ലൂട്ടന്‍ മലയാളികളുടെ കൂട്ടായ്മയായ ലൂട്ടന്‍ മലയാളി സമാജം ഒരുകൂട്ടം ചെറുപ്പക്കാരെ അണിനിരത്തി ആദ്യമായി യുക്മ കേരളപൂരം വള്ളംകളിയില്‍ പങ്കെടുക്കുന്നത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. അലി അക്ബര്‍ ക്യാപ്റ്റനായി എത്തുന്ന ലൂട്ടന്‍ ടീം മറ്റു പല ടീമുകള്‍ക്കും ഭീഷണിയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചിട്ടയായ പരിശീലനം നടത്തിവരുന്ന ലൂട്ടന്‍ മലയാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ലണ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ ഷോട്ട് സ്റ്റുഡിയോസ് തങ്ങളുടെ പുതിയ സിനിമാ പ്രൊജക്റ്റായ ''ബത്ലഹേം കുടുംബ യൂണിറ്റ്'' എന്ന സിനിമയുടെ പ്രചാരണാര്‍ത്ഥമാണ്.

നെടുമുടി
രണ്ടാം ഹീറ്റ്‌സില്‍ കരിച്ചാല്‍, വേമ്പനാട് എന്നീ വള്ളങ്ങളോടൊപ്പം മത്സരിക്കുന്നത് വാരിയേഴ്‌സ് എല്‍ കെ സി ബോട്ട് ക്ലബ് ലെസ്റ്റര്‍ ആണ്. മിഡ്‌ലാന്‍ഡ്‌സ് റീജണിലെ ഏറ്റവും പ്രശസ്തമായ അസോസിയേഷനുകളിലൊന്നാണ് എല്‍ കെ സി ലെസ്റ്റര്‍. അജിത്ത് സ്റ്റീഫന്‍ ക്യാപ്റ്റനായ എല്‍ കെ സി അസ്സോസിയേഷന്റെ ടീം ഈ വര്‍ഷം യുക്മ വള്ളംകളിയില്‍ നേരിട്ട് ടീമുമായി എത്തുന്നത് ഏറെ വിജയ പ്രതീക്ഷയോടെയാണ്. നിരന്തരമായ പരിശീലനവും അസോസിയേഷന്റെ ശക്തമായ പിന്തുണയുമാണ് ടീമിന്റെ മുതല്‍ കൂട്ട്. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒരുമിച്ച് അണി ചേരുമ്പോള്‍ തടാകക്കരയിലെ കാണികള്‍ക്ക് ആവേശമുണര്‍ത്തുന്ന ഒരു മത്സരമായി മാറുമെന്ന് കരുതാം. യുകെയിലെ പ്രശസ്ത പ്രോപ്പര്‍ട്ടി ഏജന്റ് ആയ ഷാന്‍ പ്രോപ്പര്‍ട്ടീസ് യു കെ ലിമിറ്റഡാണ് എല്‍ കെ സി യെ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വന്‍ വിജയമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ദേശീയ, റീജിയണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ണിവല്‍ പതിവ് പോലെ കാണികളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികള്‍ കൊണ്ട് ഇക്കുറിയും അത്യാകര്‍ഷമാകും. യുക്മ ഷീ ലീഡ്‌സ് നേതൃത്വം നല്‍കുന്ന യുക്മ - തെരേസാസ് 'ഓണച്ചന്തം സീസണ്‍ 2' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകള്‍ അണി നിരക്കുന്ന 'മെഗാ തിരുവാതിര', കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ഓട്ടന്‍തുള്ളല്‍, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികള്‍ ഉള്‍പ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയില്‍ അരങ്ങേറുന്നത്.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്‌പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, LTC ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്‌സ് എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്‌പോണ്‍സര്‍മാര്‍.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-
അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186
ജയകുമാര്‍ നായര്‍ - 07403223006
ഡിക്‌സ് ജോര്‍ജജ് - 07403312250.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)