
















രോഗികളില്‍ നിന്നും നേരിടുന്ന വംശീയ അധിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതായി എന്‍എച്ച്എസ് റേഡിയോഗ്രാഫര്‍മാര്‍. കുരുങ്ങുകളെന്ന് വിളിച്ച് അധിക്ഷേപിക്കുകയും, കറുത്തവരും, ഏഷ്യക്കാരുമായ ജീവനക്കാരെ കാണാന്‍ രോഗികള്‍ വിസമ്മതിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 18 മാസത്തിനിടെ നേരിടുകയും, സാക്ഷിയാകുകയും ചെയ്ത വംശീയ സംഭവങ്ങളില്‍ കൃത്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ കണ്ടെത്തി. 'വൃത്തികെട്ട വിദേശികളെന്ന്' വിളിക്കുന്നതും, തങ്ങളെ പരിശോധിക്കുന്നവരുടെ തൊലിയുടെ നിറത്തെ കുറിച്ച് പരാതിപ്പെടുന്നതും, ഈ ആളുകള്‍ ഇവിടെ വന്ന് നമ്മുടെ ജോലികള്‍ തട്ടിയെടുക്കുന്നു എന്നുവരെയുള്ള കമന്റുകളും രോഗികളുടെ ഭാഗത്ത് നിന്നും വരുന്നതായി ജീവനക്കാര്‍ വെൡപ്പെടുത്തി.
റേഡിയോഗ്രാഫര്‍ കറുത്ത ആളായത് കൊണ്ട് എക്‌സ്-റേ എടുക്കാന്‍ സമ്മതിക്കാതിരുന്ന അനുഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന വംശവെറി ഹെല്‍ത്ത് കെയര്‍ ജീവനക്കാരെ ഏത് വിധത്തില്‍ ബാധിക്കുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്ന് എന്‍എച്ച്എസ് റേസ് & ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫ. ഹബീബ് നഖ്വി ചൂണ്ടിക്കാണിച്ചു.
രാജ്യത്തെ ജീവിതച്ചെലവ് പ്രതിസന്ധിക്കും, ഉയരുന്ന എനര്‍ജി ബില്ലിനും കാരണം കുടിയേറ്റക്കാരാണെന്ന പ്രചരണമാണ് ആളുകളെ ഈ വിധം പ്രതികരിക്കുന്നതിലേക്ക് എത്തിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. എന്‍എച്ച്എസില്‍ നഴ്‌സുമാര്‍ നേരിടുന്ന വംശീയ അധിക്ഷേപങ്ങളും, അതിക്രമങ്ങളും മൂന്ന് വര്‍ഷത്തിനിടെ 55% കൂടിയെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.