
















യുക്മ കേരളപൂരം വള്ളംകളി 2026-ന്റെ ആവേശം ദിനംപ്രതി ഉയരുകയാണ്. ആഗസ്റ്റ് 15-ന് റോതര്‍ഹാമിലെ മാന്‍വേഴ്‌സ് ലേക്കില്‍ നടക്കുന്ന ആറാമത് യുക്മ കേരളപൂരം വള്ളംകളിയില്‍ 27 ടീമുകള്‍ 9 ഹീറ്റുകളിലായി മാറ്റുരയ്ക്കും. ഓരോ ടീമും കഠിന പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്.

കേരളത്തിലെ ചുണ്ടന്‍വള്ളം പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട്, യുകെയിലെ വിവിധ ബോട്ട് ക്ലബ്ബുകളെ പ്രതിനിധീകരിക്കുന്ന ടീമുകള്‍ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കുന്നത്. ഓരോ ഹീറ്റിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. തുടര്‍ന്ന് നടക്കുന്ന മത്സരങ്ങളിലൂടെ സെമിഫൈനലും ഫൈനലും കടന്ന് യുക്മ ട്രോഫിയുടെ പുതിയ അവകാശികളെ കണ്ടെത്തും.

ഹീറ്റ്‌സ് - 1
ആദ്യ ഹീറ്റില്‍ മൂന്ന് കരുത്തുറ്റ ടീമുകളാണ് ഏറ്റുമുട്ടുന്നത്.
1. പുതുക്കരി - എസ് കെ സി എ ബോട്ട് ക്ലബ് ഷെഫീല്‍ഡ് (SKCA Boat Club Sheffield). എസ് കെ സി എ
ബോട്ട് ക്ലബ്, ഷെഫീല്‍ഡിന്റെ നേതൃത്വത്തില്‍ പുത്തുക്കരി വള്ളമാണ് ആദ്യ ഹീറ്റില്‍ മത്സരിക്കുന്നത്. ടീം ക്യാപ്റ്റന്‍ രാജു ചാക്കോയുടെ നേതൃത്വത്തില്‍ മികച്ച തയ്യാറെടുപ്പോടെയാണ് ടീം മത്സരരംഗത്തിറങ്ങുന്നത്. കോഡിഗാസ് (Kodygas) ആണ് ടീമിന്റെ സ്‌പോണ്‍സര്‍. പരിചയസമ്പത്തും അച്ചടക്കമുള്ള പരിശീലനവും ഈ ടീമിനെ ശ്രദ്ധേയരാക്കുന്നു.
2. ചമ്പക്കുളം - വാം ബോട്ട് ക്ലബ്ബ്, വെഡ്‌നസ്ഫീല്‍ഡ് (WAM Boat Club, Wednesfield) വെഡ്‌നസ്ഫീല്‍ഡിലെ വാം ബോട്ട് ക്ലബ്ബ് ചമ്പക്കുളം വള്ളവുമായാണ് മത്സരിക്കുന്നത്. ഫിനു പോള്‍സണ്‍ ക്യാപ്റ്റനായ ടീമിന് തെരേസാസ് ലണ്ടന്‍ (Theresas London) ആണ് സ്‌പോണ്‍സര്‍. മികച്ച ടീംവര്‍ക്കും ആത്മവിശ്വാസവുമാണ് ചമ്പക്കുളത്തിന്റെ പ്രധാന ശക്തി.
3. പുളിങ്കുന്ന് - ചലഞ്ചേഴ്‌സ് ബോട്ട് ക്ലബ് മാഞ്ചസ്റ്റര്‍ (Challengers Boat Club, Manchester). മാഞ്ചസ്റ്ററിലെ ചലഞ്ചേഴ്‌സ് ബോട്ട് ക്ലബ്ബ് പുളിങ്കുന്ന് വള്ളവുമായാണ് ആദ്യ ഹീറ്റില്‍ അണിനിരക്കുന്നത്. 2023, 2024 വര്‍ഷങ്ങളില്‍ യുക്മ വളളംകളി കപ്പടിച്ച മാത്യു ചാക്കോയാണ് ടീം ക്യാപ്റ്റന്‍. ഏലൂര്‍ കണ്‍സല്‍ട്ടന്‍സി യുകെ ലിമിറ്റഡ് (Ealoor Consultancy UK Ltd) ആണ് ടീമിന്റെ സ്‌പോണ്‍സര്‍മാര്‍. മികച്ച പ്രകടനം കാഴ്ചവെച്ച് കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട ഒന്നാം സ്ഥാനവും ട്രോഫിയും തിരിച്ചു പിടിക്കുമെന്ന വാശിയിലാണ് ടീമംഗങ്ങള്‍.

മൂന്ന് മികച്ച ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുന്ന ആദ്യ ഹീറ്റ് തന്നെ യുക്മ കേരളപൂരം വള്ളംകളി 2026-ന്റെ ആവേശത്തിന് തിരികൊളുത്തുമെന്നുറപ്പാണ്. ആരൊക്കെയാകും ആദ്യ റൗണ്ടില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക എന്നറിയാന്‍ ആഗസ്റ്റ് 15-ന് മാന്‍വേഴ്‌സ് ലേക്കിലേക്ക് എത്തിയാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.
ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വന്‍ വിജയമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ദേശീയ, റീജിയണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ണിവല്‍ പതിവ് പോലെ കാണികളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികള്‍ കൊണ്ട് ഇക്കുറിയും അത്യാകര്‍ഷമാകും. യുക്മ ഷീ ലീഡ്‌സ് നേതൃത്വം നല്‍കുന്ന യുക്മ - തെരേസാസ് 'ഓണച്ചന്തം സീസണ്‍ 2' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകള്‍ അണി നിരക്കുന്ന 'മെഗാ തിരുവാതിര', കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ഓട്ടന്‍തുള്ളല്‍, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികള്‍ ഉള്‍പ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയില്‍ അരങ്ങേറുന്നത്.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്‌പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, LTC ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്‌സ് എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്‌പോണ്‍സര്‍മാര്‍.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-
അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186
ജയകുമാര്‍ നായര്‍ - 07403223006
ഡിക്‌സ് ജോര്‍ജജ് - 07403312250.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)