
















മലയാളി യുവതിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ വേദനയിലാണ് ലിവര്‍പൂളിലെ മലയാളി സമൂഹം. വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കല്‍ വീട്ടില്‍ രാജന്‍-ഗീതാകുമാരി ദമ്പതികളുടെ മകള്‍ രേഷ്മ രാജന്‍ (32) ആണ് ലിവര്‍പൂളില്‍ മരണപ്പെട്ടത്. പിത്താശയ സംബന്ധമായ ശസ്ത്രക്രിയയെ തുടര്‍ന്നായിരുന്നു അന്ത്യം.ഗാള്‍ബ്ലാഡറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് രേഷ്മയെ ലിവര്‍പൂളിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓപ്പറേഷന് ശേഷം ചികിത്സയില്‍ തുടരവേ കടുത്ത തലവേദന ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ രേഷ്മയ്ക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെയോടെ മരണവിവരം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണത്തില്‍ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. നിലവില്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിയ്ക്കായി മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലിവര്‍പൂളിലെ മലയാളി സംഘടനകളും സുഹൃത്തുക്കളും. വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തിയ രേഷ്മയുടെയും ഭര്‍ത്താവ് ശ്രീരാഗ് കെ. ബാബുവിന്റെയും പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അടുത്ത ജനുവരിയില്‍ അവസാനിക്കാനിരിക്കെയാണ് രേഷ്മയുടെ മരണം.
നാട്ടിലുള്ള ഏക മകള്‍ മിഴിയെ തനിച്ചാക്കി രേഷ്മ യാത്രയാകുമ്പോള്‍ വേര്‍പാടിന്റെ ആഘാതത്തിലുള്ള ശ്രീരാഗിനെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് മലയാളി സമൂഹം.