
















മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി യുകെയിലെ ഭവനവില വീണു. ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം വീട് വാങ്ങുന്നവര്‍ ഞെരുക്കത്തിലായതും, ആഗോള അനിശ്ചിതാവസ്ഥയും, അഫോര്‍ഡബിലിറ്റി തുലാസിലായതും ചേര്‍ന്നാണ് ഈ തിരിച്ചടി സമ്മാനിച്ചത്.
ഒരു വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് വിലയില്‍ 0.4% ഇടിവാണ് രേഖപ്പെടുത്തിയത്. 2023 നവംബറിന് ശേഷം ആദ്യമായാണ് ഈ വിലയിടിവെന്ന് ലോയ്ഡ്‌സ് രേഖപ്പെടുത്തുന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ് 0.2% വാര്‍ഷിക വര്‍ദ്ധന മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആഗസ്റ്റിലെ ശരാശരി പ്രോപ്പര്‍ട്ടി വില 298,468 പൗണ്ടിലാണ്. ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ 685 പൗണ്ടാണ് കുറവെന്ന് ബാങ്കിന്റെ പ്രതിമാസ ഇന്‍ഡക്‌സ് കണ്ടെത്തി. ഉയര്‍ന്ന പണപ്പെരുപ്പം, കടമെടുപ്പ് ചെലവ്, ആഗോള സംഘര്‍ഷാവസ്ഥ എന്നിവയാണ് യുകെ ഹൗസിംഗ് വിപണിക്ക് പാരയാകുന്നതെന്ന് ലോയ്ഡ്‌സ് ഡയറക്ടര്‍ ആന്‍ഡ്രൂ അസാം പറഞ്ഞു.
ഭവനഉടമകള്‍ വീടുകളുടെ വില കുറച്ച് വിറ്റൊഴിയാന്‍ തിരക്ക് കൂട്ടുന്നില്ല. എന്നിരുന്നാലും കാര്യങ്ങള്‍ അല്‍പ്പം കടുപ്പമാണ്, വീട് വില്‍ക്കുന്നവര്‍ ഓഫറുകള്‍ കുറവായതിനാല്‍ സ്വീകരിക്കാന്‍ മടിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ഈ വര്‍ഷം പണപ്പെരുപ്പം ഉയര്‍ത്തുമെന്ന ആശങ്ക ശക്തമാണ്. ഇത് സംഭവിച്ചാല്‍ പലിശ നിരക്ക് വര്‍ദ്ധനവും പ്രതീക്ഷിക്കാം.
മോര്‍ട്ട്‌ഗേജ് അപ്രൂവല്‍ 2024 തുടക്കത്തിന് ശേഷം താഴ്ന്ന നിലയിലാണെന്ന് ലോയ്ഡ്‌സ് പറയുന്നു. രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകള്‍ 5.6 ശതമാനത്തിലും, അഞ്ച് വര്‍ഷത്തേത് 5.66 ശതമാനത്തിലുമാണ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്.