
















എനിക്ക് 1 ലക്ഷം ഫ്രണ്ട്‌സുണ്ട് എന്നാരെങ്കിലും പറഞ്ഞാല്‍ ഒട്ടും അത്ഭുതപ്പെടേണ്ട സോഷ്യല്‍ മീഡിയ കണക്കുകളാണ് ഇവര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എത്ര സുഹൃത്തുക്കളുണ്ടെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ വിരലില്‍ എണ്ണാവുന്നതേ കാണൂ. ഇംഗ്ലണ്ടിലെ യുവതലമുറ അതും കടന്ന് ഒരൊറ്റ അടുത്ത സുഹൃത്ത് പോലും ഇല്ലാത്ത ഞെട്ടിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്.
2014 മുതല്‍ ഉറ്റ സുഹൃത്തുക്കളില്ലാത്ത യുവാക്കളുടെ എണ്ണം അഞ്ചിരട്ടിയാണ് വര്‍ദ്ധിച്ചത്. ഒറ്റപ്പെട്ട്, സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തില്‍ വളരുന്ന കുട്ടികളാണ് ഈ വിധത്തില്‍ യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാതെ ജീവിക്കുന്നത്. 11 മുതല്‍ 24 വയസ്സ് വരെയുള്ള കുട്ടികള്‍ ഒറ്റപ്പെട്ടും, ഏകാന്തതയിലും, സ്വയം വിച്ഛേദിക്കപ്പെട്ട് സമൂഹവുമായി അകന്ന് ജീവിക്കുന്നതിന്റെ ചിത്രമാണ് പുതിയ ഗവേഷണങ്ങള്‍ വരച്ചിടുന്നത്.
ഇംഗ്ലണ്ടിലെ യുവാക്കള്‍ മറ്റുള്ളവരില്‍ നിന്നും നാടകീയമായ രീതിയില്‍ അകന്ന്, ഒറ്റപ്പെട്ട് കഴിയുകയാണ്. ഇരുപത് പേരില്‍ ഒരാള്‍ക്ക് വീതം അടുത്ത സുഹൃത്തുക്കളില്ല. 2014-ല്‍ നൂറിലൊരാള്‍ക്കായിരുന്നു ഈ അവസ്ഥ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നു.
16 മുതല്‍ 21 വയസ്സ് വരെയുള്ള പ്രായവിഭാഗത്തില്‍ മൂന്ന് അടുത്ത സുഹൃത്തുക്കളെങ്കിലും ഇല്ലാത്ത അവസ്ഥ വര്‍ദ്ധിക്കുകയാണ്. നിരവധി സുഹൃത്തുക്കളുണ്ടെന്ന് പറയുന്നവരുടെ എണ്ണം 2012-14 വര്‍ഷങ്ങളില്‍ 85% ഉണ്ടായിരുന്നത്, 2023-25 വര്‍ഷത്തില്‍ 72 ശതമാനമായി കുറഞ്ഞു.
യൂത്ത് ക്ലബുകള്‍ ഇല്ലാതായതും, താങ്ങാന്‍ കഴിയാത്ത ഹൗസിംഗ് ചെലവുകള്‍, ടിക് ടോക് പോലുള്ളവയുടെ ജനപ്രീതി, യുവാക്കളുടെ ആത്മാഭിമാനത്തിലെ ഇടിവ് എന്നിവയാണ് മാനസിക ആരോഗ്യം മോശമാക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വീട് വാങ്ങുന്നതും, വാടകയ്ക്ക് താമസിക്കുന്നതും മുന്‍പത്തേക്കാള്‍ കടുപ്പമായി മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ ആദ്യത്തെ വീട് വാങ്ങുന്നവരുടെ ശരാശരി പ്രായം 34 ആണ്. അഞ്ചിലൊന്ന് യുവാക്കളും വരുമാനത്തിന്റെ പകുതിയും വാടക നല്‍കാന്‍ വിനിയോഗിക്കുന്നു.