
















ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ നിരക്കുകള്‍ കുതിച്ചുയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ബോണ്ട് വിപണികള്‍ യുകെയുടെ കടമെടുപ്പ് ചെലവുകള്‍ 28 വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചതോടെയാണ് ഈ തിരിച്ചടി വരുന്നത്.
30 വര്‍ഷത്തെ യുകെ ബോണ്ടുകളിലെ യീല്‍ഡ് 5.92 ശതമാനത്തിന് മുകളിലേക്കാണ് കയറിയത്. 1998-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണ് ഇത്. 10 വര്‍ഷത്തെ ഗില്‍റ്റ് യീല്‍ഡുകള്‍ 5.29 ശതമാനത്തിന് മുകളിലും എത്തി. 2008ന് ശേഷമുള്ള ഉയര്‍ന്ന നിരക്കിലേക്കാണ് ഇത് എത്തിയിരിക്കുന്നത്.
ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ വന്‍തോതില്‍ ഉയര്‍ത്തുന്ന ഈ പ്രതിഭാസം ചാന്‍സലര്‍ ജോണ്‍ ഹീലിക്ക് കടുത്ത തലവേദന സൃഷ്ടിക്കും. പ്രത്യേകിച്ച് അടുത്ത മാസം ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ നികുതി വര്‍ദ്ധന ഉള്‍പ്പെടെ നടപ്പിലാക്കാന്‍ ചാന്‍സലര്‍ സമ്മര്‍ദം നേരിടും.
ഈ അവസ്ഥ യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥയിലേക്ക് വന്നുചേരുന്നതോടെ ബാങ്കുകള്‍ ഭവനഉടമകള്‍ക്ക് നല്‍കുന്ന നിരക്കുകളെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. മോര്‍ട്ട്‌ഗേജ് നിരക്ക് തീരുമാനിക്കുന്ന സ്വാപ്പ് റേറ്റ് വര്‍ദ്ധിക്കുന്നതാണ് ഇതിന് ഇടയാക്കുക. ഉയരുന്ന എനര്‍ജി ബില്ലും, ഉത്പന്നങ്ങളുടെ വിലയും ചേര്‍ന്ന് ജനജീവിതം ദുസ്സഹമാക്കുമ്പോഴാണ് മോര്‍ട്ട്‌ഗേജ് നിരക്കിലും വര്‍ദ്ധനയ്ക്ക് വഴിയൊരുങ്ങുന്നത്.