
















ബ്രിട്ടന്റെ കടമെടുപ്പ് ചെലവുകള്‍ ഈയാഴ്ച മൂന്ന് ദശകത്തിനിടെ കാണാത്ത ഉയരങ്ങള്‍ താണ്ടിയതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും വര്‍ദ്ധിക്കുകയാണ്. പലിശ നിരക്ക് കൂടുമെന്ന ആശങ്കയ്‌ക്കൊപ്പം, യുഎസ്-ഇറാന്‍ സംഘര്‍ഷം പണപ്പെരുപ്പത്തിന് തിരികൊളുത്തുമെന്ന ഭീതിയും ചേര്‍ന്ന് ബോണ്ട് വിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുകയാണ്.
ബ്രിട്ടനിലാകട്ടെ കണക്ക് പുസ്തകം ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ ലേബര്‍ ഗവണ്‍മെന്റ് വിയര്‍ക്കുകയാണ്. പുതിയ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെയും, ചാന്‍സലര്‍ ജോണ്‍ ഹീലിയുടെയും ആദ്യ ബജറ്റ് ഏത് വിധത്തിലാകുമെന്നത് ഈ തീരുമാനങ്ങളെ സ്വാധീനിക്കും. മോര്‍ട്ട്‌ഗേജ് എടുത്തിട്ടുള്ളവര്‍ക്ക് നിലവിലെ അവസ്ഥ മോശം വാര്‍ത്തയാണ്. പല ലെന്‍ഡര്‍മാരും നിരക്കുകള്‍ കൂട്ടിത്തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വര്‍ദ്ധനകള്‍ പിന്നാലെ വരുമെന്നാണ് മുന്നറിയിപ്പ്.
പണപ്പെരുപ്പ സമ്മര്‍ദം രൂക്ഷമായി തുടരുന്നതിനാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കൂട്ടുമെന്ന ഭീതിയാണ് ബോണ്ട് വിപണിയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത്. ഇത് തുടര്‍ന്നാല്‍ കൂടുതല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധനവുകള്‍ കുടുംബങ്ങളെ തേടിയെത്തും.
കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി ഇതിനകം മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ലെന്‍ഡര്‍മാരും ഈ വഴി പിന്തുടരുമെന്നാണ് കരുതുന്നത്. ആറ് മാസത്തിനുള്ളില്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യേണ്ടവര്‍ മെച്ചപ്പെട്ട ഡീല്‍ എടുത്ത് വെയ്ക്കാനാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഭാവിയില്‍ നിരക്ക് താഴ്ന്നാല്‍ ഇതിലേക്ക് റീമോര്‍ട്ട്‌ഗേജ് ആരംഭിക്കുന്നതിന് മുന്‍പ് മാറാനും കഴിയും.