
















ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിച്ച് വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് ചെറുക്കുന്ന ബ്രിട്ടനില്‍ സ്‌പോണ്‍സേഡ് സ്റ്റഡി വിസകളുടെ എണ്ണത്തില്‍ 16% ഇടിവ്. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ സ്റ്റഡി വിസ ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും സമാനമായ ഇടിവാണ് രേഖപ്പെടുത്തിയത്.
പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ബ്രിട്ടനില്‍ പഠിക്കുന്നതും, രാജ്യത്ത് തങ്ങുന്നതും ബുദ്ധിമുട്ടാക്കി മാറ്റിയതോടെയാണ് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത്. 2026 ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം യുകെയിലേക്കുള്ള സ്‌പോണ്‍സേഡ് സ്റ്റഡി വിസകളുടെ അപേക്ഷ 360,700 എന്ന നിലയിലേക്കാണ് താഴ്ന്നത്. മുന്‍ വര്‍ഷത്തെ 427,100 എന്ന കണക്കുകളില്‍ നിന്നുമാണ് ഈ ഇടിവെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.
ജൂണ്‍ അവസാനിച്ച വര്‍ഷത്തില്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലേക്കും, കോളേജുകളിലേക്കും വിസ ലഭിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 85,523 ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനമാണ് കുറവ്. 86,368 വിസകള്‍ നേടി ചൈനീസ് വിദ്യാര്‍ത്ഥികള്‍ സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വിസയില്‍ ഒന്നാമതെത്തി.
ബ്രിട്ടനിലെ പഠന ചെലവ് ഉയര്‍ന്നതിന് പുറമെ പഠനകാലത്ത് കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതോടെയാണ് വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞത്. കൂടാതെ ഒന്‍പത് മാസക്കാലം കാണിച്ചിരിക്കേണ്ട ഫണ്ടും ഉയര്‍ത്തിയിരുന്നു. 2024 ജനുവരി 1 മുതല്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഇത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ വരവ് തടയുന്ന വിഷയങ്ങളാണ്.