
















ക്രിസ്മസിന് ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നും, നേരിടാന്‍ തയ്യാറായിരിക്കണമെന്നും ടോറി പാര്‍ട്ടിക്ക് നിര്‍ദ്ദേശം നല്‍കി കെമി ബാഡെനോക്. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സൂചനയിലാണ് ഈ നീക്കം.
ഏത് ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വന്നാലും നേരിടാന്‍ തയ്യാറായിരിക്കാനാണ് പാര്‍ട്ടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് കെമി ബാഡെനോക് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തൊന്നും ഉണ്ടാകില്ലെന്ന ബേണ്‍ഹാമിന്റെ നിലപാട് പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു.
ലേബര്‍ പാര്‍ട്ടി സര്‍വ്വെകളില്‍ മുന്നിലെത്തുന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് ബേണ്‍ഹാം ഒരുങ്ങുന്നതെന്നാണ് കണ്‍സര്‍വേറ്റീവുകളുടെ കണക്കുകൂട്ടല്‍. ഗ്രീന്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റ് എന്നീ ഇടത് പാര്‍ട്ടികളുടെ ദുരവസ്ഥയും ലേബറിന് അനുകൂലമാക്കാനാണ് ബേണ്‍ഹാം ശ്രമിക്കുക.
ഹോള്‍ബോണ്‍ & സെന്റ് പാന്‍ക്രാസ് ഉപതെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഗ്രീന്‍ പാര്‍ട്ടി നേതാവ് സാക്ക് പൊളാന്‍സ്‌കി നിലനില്‍പ്പിനായി പോരാടുകയാണ്. ഗ്രീന്‍ പാര്‍ട്ടിയെ കൈവിടുന്ന വോട്ടര്‍മാര്‍ ലേബറിന് മറിച്ച് വോട്ടുകുത്തുമെന്നാണ് കരുതുന്നത്. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയും സ്ഥാനത്ത് തുടരാന്‍ പാടുപെടുന്നുണ്ട്.
ഈ അവസ്ഥകള്‍ തങ്ങള്‍ക്ക് അനുകൂലമായി മാറുന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ബേണ്‍ഹാം തയ്യാറാകുമെന്ന് കണ്‍സര്‍വേറ്റീവുകള്‍ കരുതുന്നു. അതുകൊണ്ട് തന്നെ നികുതി കൂട്ടിയും, വെല്‍ഫെയര്‍ കുറച്ചും രാജ്യത്തെ മെച്ചപ്പെടുത്താന്‍ ലേബര്‍ തയ്യാറാകാത്ത പക്ഷം മികച്ച ചോയ്‌സായി കണ്‍സര്‍വേറ്റീവുകളെ മാറ്റുകയാണ് ലക്ഷ്യമെന്ന് ബാഡെനോക് വ്യക്തമാക്കി.