
















എനര്‍ജി നിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ന്നുനിന്നാല്‍ പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍. ക്രിസ്മസിന് മുന്‍പ് പലിശ നിരക്ക് വര്‍ദ്ധിക്കാനുള്ള സാധ്യതകളിലേക്കാണ് ഈ മുന്നറിയിപ്പ് വിരല്‍ചൂണ്ടുന്നത്.
കുടുംബങ്ങളുടെ ഗ്യാസ്, വൈദ്യുതി ബില്ലുകളില്‍ 443 പൗണ്ടിന്റെ വര്‍ദ്ധന വരുമെന്ന് ഓഫ്‌ജെം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് പണപ്പെരുപ്പത്തില്‍ ഇതിന്റെ പ്രത്യാഘാതം സംബന്ധിച്ച് ആന്‍ഡ്രൂ ബെയ്‌ലി മുന്നറിയിപ്പ് നല്‍കിയത്.
പണപ്പെരുപ്പം നിലവില്‍ 3.6 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇറാന്‍ യുദ്ധം തുടര്‍ന്നാല്‍ ഇത് അടുത്ത വര്‍ഷം 6 ശതമാനത്തിലേക്ക് എത്തുമെന്നാണ് കേന്ദ്ര ബാങ്ക് മുന്നറിയിപ്പ്. എണ്ണ, ഗ്യാസ് വിലകള്‍ അടുത്തിടെ താഴ്ന്നതിനാല്‍ ഭയപ്പെട്ടത് പോലെ പണപ്പെരുപ്പം കുതിച്ചുയര്‍ന്നില്ലെന്ന് ട്രഷറി സെലക്ട് കമ്മിറ്റിയില്‍ എംപിമാരോട് സംസാരിക്കവെ ബെയ്‌ലി വ്യക്തമാക്കി.
'നിലവിലെ നിരക്കുകളില്‍ തുടര്‍ന്നാല്‍ പണപ്പെരുപ്പവും കുറഞ്ഞ നിലയില്‍ തുടരും. പക്ഷെ എനര്‍ജി വിലകള്‍ കുറഞ്ഞില്ലെങ്കില്‍ പലിശ നിരക്കും ഉയര്‍ത്തേണ്ടി വരും. സംഘര്‍ഷം പരിഹരിക്കാന്‍ എത്ര സമയം വേണ്ടിവരുമെന്നതാണ് ഇതിലെ പ്രസക്തമായ ചോദ്യം', ബെയ്‌ലി വിശദീകരിച്ചു.
ഇതോടെ ക്രിസ്മസിന് മുന്‍പ് വീണ്ടുമൊരു പലിശ നിരക്ക് വര്‍ദ്ധന ഉണ്ടാകുമെന്ന ആശങ്കയ്ക്കും തീപിടിച്ചു. ഡിസംബര്‍ 17-ന് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോള്‍ നിരക്കുകള്‍ 4.25 ശതമാനത്തിലേക്ക് വര്‍ദ്ധിക്കാന്‍ 80% സാധ്യതയാണ് സാമ്പത്തിക വിപണികള്‍ കാണുന്നത്.