
















കുടിയേറ്റക്കാര്‍ക്കും, അഭയാര്‍ത്ഥി അപേക്ഷകര്‍ക്കും ബ്രിട്ടനില്‍ നല്ല കാലം. യുകെയില്‍ ഓരോ രണ്ട് മിനിറ്റിലും കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റ് അനുവദിക്കുന്ന തരത്തില്‍ റെക്കോര്‍ഡ് തോതില്‍ അംഗീകാരം നല്‍കുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
സെപ്റ്റംബര്‍ വരെയുള്ള 12 മാസങ്ങളില്‍ ബ്രിട്ടനില്‍ തങ്ങാന്‍ 241,000 പേര്‍ക്ക് അനുമതി ലഭിച്ചെന്ന് പുതിയ ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നല്‍കുന്നതില്‍ 53 ശതമാനമാണ് വര്‍ദ്ധന. 2010ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.
ഐഎല്‍ആര്‍ സ്റ്റാറ്റസ് ലഭിക്കുന്നതോടെ വിദേശ പൗരന്‍മാര്‍ക്ക് യുകെയില്‍ താമസിച്ച് ജോലി ചെയ്യാനും, ബെനഫിറ്റുകള്‍ നേടാനും വഴിയൊരുങ്ങും. സമ്പൂര്‍ണ്ണ ബ്രിട്ടീഷ് പൗരത്വം അനുവദിക്കുന്നതിലും വര്‍ദ്ധനവ് വന്നിട്ടുണ്ട്. ആപ്ലിക്കേഷനുകള്‍ റെക്കോര്‍ഡായ 320,000 എത്തിയപ്പോള്‍ അംഗീകാരം നല്‍കുന്നത് 10% വര്‍ദ്ധിച്ച് 265,000 ആയി.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പൗരത്വം നല്‍കുന്നതില്‍ 20 ശതമാനത്തോളമാണ് വര്‍ദ്ധന. ഓരോ 99 സെക്കന്‍ഡിലും ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷ ലഭിക്കുന്നുവെന്നാണ് കണക്ക്. കേവലം 13,298 ആപ്ലിക്കേഷനുകള്‍ മാത്രമാണ് തള്ളിയത്.
കഴിഞ്ഞ വര്‍ഷം 157,078 പേര്‍ക്കാണ് ഐഎല്‍ആര്‍ ലഭിച്ചത്. ഇതില്‍ ഒരു ലക്ഷത്തോളം ലഭിച്ചത് വര്‍ക്ക് വിസയിലെത്തിയ ആളുകള്‍ക്കാണ്. ഇതില്‍ ഭൂരിഭാഗവും കെയര്‍, ഹെല്‍ത്ത് വര്‍ക്കര്‍മാരാണ്. കെയര്‍ വര്‍ക്കര്‍മാര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ ഐഎല്‍ആര്‍ അനുവദിക്കുന്ന തരത്തിലേക്ക് ഹോം സെക്രട്ടറി ഷബാന മഹ്മൂദിന് ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ മാറ്റം വരുത്തേണ്ടി വന്നത് ഈ മാസമാണ്.