
















ലേബര്‍ ഗവണ്‍മെന്റ് ബാങ്കുകളുടെ ലാഭത്തിന്മേല്‍ ചുമത്തിയ നികുതി വര്‍ദ്ധനവുകള്‍ ഉപഭോക്താക്കളുടെ തലയില്‍ വീഴുമെന്ന് ഭീതി പങ്കുവെച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍. 1.5 ബില്ല്യണ്‍ പൗണ്ടിന്റെ നികുതികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ബാങ്ക് തയ്യാറാകുമെന്നാണ് ആശങ്ക.
ചാന്‍സലര്‍ ജോണ്‍ ഹീലി തന്റെ ആദ്യ ബജറ്റ് ഉപയോഗിച്ചാണ് ബാങ്കിന്റെ കോര്‍പ്പറേഷന്‍ ടാക്‌സ് സര്‍ചാര്‍ജ്ജ് 3-ല്‍ നിന്നും 6 ശതമാനമായി ഉയര്‍ത്തിയത്. ജനുവരി മുതല്‍ 15 മാസത്തേക്കാണ് വര്‍ദ്ധന. കുടുംബങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ അല്‍പ്പം ആശ്വാസം നല്‍കുകയാണ് ഉദ്ദേശം.
എന്നാല്‍ സ്വന്തം വരുമാനം സംരക്ഷിക്കാന്‍ ബാങ്കുകള്‍ ഈ ഭാരം ഉപഭോക്താക്കള്‍ക്ക് കൈമാറിയാല്‍ അത്ഭുതം വേണ്ടെന്നാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കുന്നത്. പണപ്പെരുപ്പം കുതിച്ചുയര്‍ന്നതോടെ കൂട്ടിയ പലിശ നിരക്കുകളുടെ ആദായം മുഴുവന്‍ ബ്രിട്ടന്റെ വലിയ ബാങ്കുകള്‍ വാരിക്കൂട്ടുകയാണ്. ഉക്രെയിന്‍ യുദ്ധവും, മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും ബാങ്കുകള്‍ക്ക് ലാഭം സമ്മാനിച്ചു.
ലോണുകള്‍ നല്‍കുന്നതിന്റെ പലിശ വേഗത്തില്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍, സേവിംഗ്‌സുകാര്‍ക്ക് ഈ വേഗത്തില്‍ നിരക്ക് കൂട്ടാതെ ബാങ്കുകള്‍ ലാഭം നേടി. ഒപ്പം മോര്‍ട്ട്‌ഗേജുകള്‍ എടുത്തവരുടെ പ്രതിമാസ തിരിച്ചടവ് വര്‍ദ്ധിച്ചതും ബാങ്കുകള്‍ക്ക് നേട്ടമായി. യുകെയിലെ ഏറ്റവും വലിയ ബാങ്കുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 200 മില്ല്യണ്‍ പൗണ്ട് നേടിയെന്നാണ് കണക്ക്.