Breaking Now

റബര്‍വില ഇടിക്കുന്നത്‌ ടയര്‍ ലോബി

കോട്ടയം: ഉപയോഗത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടും റബര്‍വില കുത്തനെ ഇടിക്കുന്നതിനു പിന്നില്‍ ടയര്‍ലോബിയുടെ കള്ളക്കളികള്‍.

സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴു മാസത്തെ കണക്കു പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ ഉപയോഗത്തില്‍ 5.9 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്‌.
എന്നാല്‍, വിലയാകട്ടെ കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും 70 രൂപയോളം കുറഞ്ഞു. ഉല്‍പാദനത്തില്‍ കാര്യമായ പുരോഗതിയില്ലെന്നതും ഇറക്കുമതി കൂടിയെന്നതും കൂടി ചേര്‍ക്കുമ്പോള്‍ ടയര്‍ ലോബിയുടെ അവിഹിത ഇടപെടല്‍ വിലയിടിവിനു കാരണമായെന്നാണു വിലയിരുത്തല്‍.
ഇന്നലെ ആര്‍.എസ്‌.എസ്‌.നാല്‌ ഗ്രേഡിന്‌ കിലോഗ്രാമിന്‌ വില 162 രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ്‌ 243 രൂപയിലെത്തിയ വിലയാണ്‌ ഇപ്പോള്‍ ഈ നിലയിലേക്കു കൂപ്പുകുത്തിയിരിക്കുന്നത്‌. വിപണിയില്‍നിന്നു റബര്‍ വാങ്ങാതെയും വിലയിടിച്ചു വാങ്ങിയുമുള്ള ടയര്‍ ലോബിയുടെ നീക്കങ്ങളാണ്‌ അനുദിനം വിലയിടിയാന്‍ കാരണം. വാഹന വിപണി ദിനംപ്രതി വളരുമ്പോഴും ടയറിന്‌ ഡിമാന്‍ഡില്ലെന്ന മുടന്തന്‍ ന്യായവും ഇവര്‍ ഉന്നയിക്കുന്നു.
ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയവില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഉപയോഗത്തില്‍ 32600 ടണ്ണിന്റെ വര്‍ധനയുണ്ടായതായി റബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. ജനുവരി ഒഴികെ എല്ലാ മാസത്തിലും ഉപയോഗത്തില്‍ വന്‍ വര്‍ധനയുണ്ടായി. കാലാവസ്‌ഥാ വ്യതിയാനത്തെത്തുടര്‍ന്ന്‌ ഉല്‍പാദനത്തില്‍ കാര്യമായ വര്‍ധനയുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്‌.
ആദ്യ മൂന്നു മാസങ്ങളില്‍ ഉല്‍പാദനത്തില്‍ വന്‍ കുറവുണ്ടായിരുന്നുവെങ്കില്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ മുന്‍വര്‍ഷത്തേതിന്‌ ഏറെക്കുറെ സമാനമായിരുന്നു. എന്നാല്‍, ഒക്‌ടോബര്‍ ഉല്‍പാദനത്തില്‍ വന്‍ കുറവുണ്ടായി.
റബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ ആദ്യ ഏഴു മാസങ്ങളില്‍ ഉല്‍പാദനത്തില്‍ വെറും 1300 ടണ്ണിന്റെ വര്‍ധന മാത്രമാണുണ്ടായിരിക്കുന്നത്‌. തൊട്ടുമുമ്പിലത്തെ വര്‍ഷം ഈ വ്യത്യാസം 23050 ടണ്ണായിരുന്നു.
ഇറക്കുമതിയിലും ഇക്കാലയളവില്‍ വന്‍ കുറവുണ്ടായി. 2011-12 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴു മാസം 21064 ടണ്‍ റബര്‍ കയറ്റുമതി ചെയ്‌തപ്പോള്‍ ഈ വര്‍ഷം കയറ്റുമതി ചെയ്‌തത്‌ വെറും 8611 ടണ്‍ മാത്രം. ജൂണിലാണ്‌ ഏറ്റവും കുറച്ച്‌ റബര്‍ കയറ്റുമതി ചെയ്‌തത്‌, 817 ടണ്‍ എണ്ണം മാത്രമാണ്‌. ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്‌തത്‌ ഓഗസ്‌റ്റ് മാസത്തിലും 1508 ടണ്‍.
അതേ സമയം ഇറക്കുമതി ഒരോ മാസവും കൂടി വരികയാണ്‌. ഇറക്കുമതി, കൂടുന്നത്‌ ആഭ്യന്തര വില ഇനിയും കുറയുന്നതിന്‌ ഇടയാക്കുമെന്നു വിപണിവൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴു മാസങ്ങളില്‍ 99760 ടണ്‍ റബര്‍ ഇറക്കുമതി ചെയ്‌തപ്പോള്‍, ഈ വര്‍ഷം ഇതേ കാലയളവില്‍ 131106 ടണ്ണായി ഉയര്‍ന്നു. 2010-11 വര്‍ഷത്തേതിനു തുല്യമായി ഇത്തവണ ഇറക്കുമതി എത്തിയിരിക്കുന്നത്‌. 139212 ടണ്ണാണ്‌ ആ വര്‍ഷം ഇതേ കാലയളവില്‍ ഇറക്കുമതി ചെയ്‌തത്‌.
ഷിന്റോ തോമസ്‌




കൂടുതല്‍വാര്‍ത്തകള്‍.