ഫുട്ബോള് എന്നാല് യുദ്ധമാണ്. അത് സൗഹൃദപ്പോരാട്ടമായാല്പ്പോലും. ഇവിടത്തെ ജയവും തോല്വിയും ഫിഫ റാങ്കിങ്ങിനെ ബാധിക്കുമെന്നതിനാല് ബുധനാഴ്ച കൊച്ചിയില് അരങ്ങേറുന്ന ഇന്ത്യ - പലസ്തീന് മത്സരം ഇരുടീമുകള്ക്കും ഒരുപോലെ അഭിമാനപ്രശ്നം.
നിലയ്ക്കാത്ത വെടിയൊച്ചകള്ക്കു നടുവില് ഫുട്ബോളിലൂടെ ജീവിതം തിരിച്ചുപിടിക്കാന് ശ്രമിക്കുന്ന ഒരു ജനതയെയാണ് പലസ്തീന് ടീം കൊച്ചിയില് പ്രതിനിധാനം ചെയ്യുന്നത്. സമാധാനമാണ് അവരുടെ സന്ദേശം. ഇന്ത്യക്കെതിരെ ഇവിടെ കളിക്കുകയും ജയിക്കുകയും ചെയ്യുന്നതിലൂടെ തങ്ങളുടെ നാടിനെപ്പറ്റി ലോകം ഒന്നുകൂടി അറിയട്ടെ എന്നാണ് അവരുടെ ആഗ്രഹവും. ഇസ്രായേലുമായി രൂക്ഷമായ പോരാട്ടം നടക്കുന്ന ഗാസാ നിവാസികളായ അഞ്ച്പേര് കൊച്ചിയിലെത്തിയ ടീമിലുണ്ട്. നിലവില് ഫിഫ റാങ്കിങ്ങില് 152-ാമത് നില്ക്കുന്ന പലസ്തീനു തന്നെയാണ് 166-ാം സ്ഥാനക്കാരായ ഇന്ത്യയെക്കാള്വ്യക്തമായ മുന്തൂക്കം. കൊച്ചിയിലെ കലൂര് അന്താരാഷ്ട്ര സ്റ്റേഡിയത്തില് ബുധനാഴ്ച വൈകീട്ട് 6.30ന് ആരംഭിക്കുന്ന കളിയില് ഇന്ത്യയെ സ്പോര്ട്ടിങ് ലിസ്ബണ് എഫ്സി ബി ടീം താരവും സ്ട്രൈക്കറുമായ സുനില് ഛേത്രിയും പലസ്തീനെ അല് - അംറി ക്ലബ്ബ് മിഡ് ഫീല്ഡര് റംസി സലാഹുമാണ് നയിക്കുക. മത്സരം ടെന് ആക്ഷനില് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
വിനീത് കളിച്ചേക്കും
മലയാളിത്താരമായ പ്രയാഗ് യുണൈറ്റഡ് മിഡ്ഫീല്ഡര് സി.കെ. വിനീത് ഇന്ത്യയുടെ നീലക്കുപ്പായത്തില് രാജ്യത്തിനു വേണ്ടി അരങ്ങേറുമെന്നു തന്നെയാണ് ചൊവ്വാഴ്ച വൈകീട്ടും നെഹ്റു സ്റ്റേഡിയത്തില് നിന്ന് ലഭിക്കുന്ന സൂചന. കോച്ച് വിം കൂവര്മാന്സ് വിനീതിന്റെ പരിശീലനം അടുത്തുനിന്ന് നിരീക്ഷിച്ചു. എ.ഐ.എഫ്.എഫ്. മീഡിയ മാനേജര് നീലാഞ്ജന് ദത്തയുടെ പ്രവചനവും ശരിയായാല് ഇന്ന് വിനീതിന്റെ ഭാഗ്യദിനമായിരിക്കും.
മിഡ്ഫീല്ഡില് വിനീതിനൊപ്പം ഫ്രാന്സിസ് ഫെര്ണാണ്ടസും മെഹ്താബ് ഹുസൈനും ലെന്നി റോഡ്രിഗ്സും ആയിരിക്കും ഫസ്റ്റ് ഇലവന് ടീം. മുന്നേറ്റത്തില് ക്യാപ്ടന് ഛേത്രിക്കൊപ്പം പൈലന് ആരോസിന്റെ ആല്വിന് ജോര്ജിനാണ് സാധ്യത. ഡിഫന്സില് ഈസ്റ്റ്ബംഗാളിന്റെ രാജു ഗെയ്ക്വാദും പ്രയാഗിന്റെ ഗോര്മാംഗി സിംഗുമായിരിക്കും സ്റ്റോപ്പര്മാര്. വിങ്ങില് ചര്ച്ചിലിന്റെ ഡെന്സില് ഫ്രാങ്കോയും ബഗാന്റെ പരിചയസമ്പന്നനായ റഹിം നബിയും അണിനിരക്കും. ഗോള്പോസ്റ്റില് സുബ്രതാ പാലിനു തന്നെയാണ് അവസരം.
ഗാസയില് നിന്ന് അഞ്ച് പേര്
കൊച്ചിയില് ഫിഫ റാങ്കിങ് ഫുട്ബോളില് ബുധനാഴ്ച ഇന്ത്യയെ എതിരിടുന്ന പലസ്തീന് ടീമില് അഞ്ച്പേരാണ് അതീവ സംഘര്ഷമേഖലയായ ഗാസയില് നിന്നുള്ളവര്.
ഗോള്കീപ്പര് മുഹമ്മദ് ഷബീര്, ഫോര്വേഡ് ഇയാദ് അബുഗര്ഖദ്, മിഡ്ഫീല്ഡര് മാലി ക്വവാറെ, ഡിഫന്ഡര് ഖാലിദ് മെഹ്ദി, മിഡ്ഫീല്ഡര് അബ്ദെല്ഹമീദ് അബുഹബീബ് എന്നിവരാണ് ഈ കളിക്കാര്.
പലസ്തീനിലെ പ്രമുഖ ഫസ്റ്റ് ഡിവിഷന് ക്ലബ്ബുകളായ അല് - അംറിയിലേയും അല് - ഷബാബിലേയും താരങ്ങളുമാണിവര്.
തോക്കും വെടിയൊച്ചയും രക്തച്ചൊരിച്ചിലുമില്ലാത്ത ദിവസങ്ങള് ഇവരുടെ ജീവിതത്തില് അപൂര്വം. ഇതില് നിന്നൊരു മോചനം കൂടിയാണ് ഇവര്ക്ക് ഫുട്ബോളും അന്താരാഷ്ട്ര മത്സരങ്ങളും.