Breaking Now

സന്തോഷ് ട്രോഫി: രണ്ടാം മത്സരവും കേരളത്തിന്‌ സ്വന്തം

ഉത്തര്‍പ്രദേശിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് സന്തോഷ്‌ ട്രോഫി ക്വാര്‍ട്ടറില്‍ കേരളം തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചു.

ആദ്യപകുതിയില്‍  കേരളം മൂന്നുഗോളുകള്‍ നേടിയപ്പോള്‍ യു.പി ഇരുപകുതികളിലുമായി ഒരോ ഗോള്‍ വീതം മടക്കി. പെനാല്‍റ്റിയിലൂടെ ഉസ്മാനും കഴിഞ്ഞ കളിയിലെ താരം കണ്ണനും മധ്യനിരയിലെ ഷിബിന്‍ലാലും കേരളത്തിനായി വല കുലുക്കി. ഉത്തര്‍പ്രദേശിനായി ബിറുയാദവും വിവേക് സിങ്ങും ഗോളുകള്‍ മടക്കി. ഇതോടെ കേരളത്തിന്റെ  സെമി സാധ്യതകളും  സജീവമായി. മത്സരത്തിന്‍െറ തുടക്കംമുതല്‍ സ്റ്റേഡിയത്തില്‍ വിശ്രമമില്ലാതെ മുഴങ്ങിയ ചെണ്ടംമേളം പോലെയായിരുന്നു കേരളത്തിന്റെ  മുന്നേറ്റങ്ങള്‍. മേളം പതിഞ്ഞ താളത്തിലേക്ക് മാറാതിരുന്നതുപോലെ കേരള മുന്നേറ്റങ്ങള്‍ക്കും വിശ്രമമുണ്ടായിരുന്നില്ല. വിനീത് ആന്‍റണി എത്തിയതോടെ കഴിഞ്ഞ കളിയെ അപേക്ഷിച്ച് ആതിഥേയ മധ്യനിര മെച്ചപ്പെട്ടെങ്കിലും പ്രതിരോധത്തിനാണ് മാര്‍ക്ക് കൂടുതല്‍. ആറുപോയന്‍റുമായി കേരളമാണ് ഗ്രൂപ്പില്‍ മുന്നില്‍.

കൊച്ചിക്കാരനായ വിനീത് എത്തിയതോടെ മധ്യനിരക്ക് ജീവന്‍  വെച്ചു.നിറഞ്ഞ കൈയടികള്‍ക്കിടെ തുടങ്ങിയ മത്സരത്തിന്റെ ആദ്യനിമിഷം തന്നെ കേരളം ഗോളവസരം തുറന്നെടുത്തു. ബോക്സിന് അധികം അകലെയല്ലാതെ ലഭിച്ച ഫ്രീകിക്ക്  സജിത്ത് കാത്തുനിന്ന  വിനീത് ആന്‍റണിയുടെ മുന്നിലേക്ക് പറത്തിയിറക്കിയെങ്കിലും വലയില്‍ എത്തിക്കാനായില്ല. ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്കു പറന്നു. പിന്നെയും ഇരച്ചുകയറിയ കേരളത്തിന്  എട്ടാം മിനിറ്റില്‍  മത്സരത്തിലെ ആദ്യ കോര്‍ണര്‍. കോര്‍ണറിന് ഒടുവില്‍ ബോക്സിലേക്ക് വന്ന പന്ത് തകര്‍പ്പന്‍ സിസര്‍ കട്ടിലൂടെ വിനീത് ആന്‍റണി വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. ഇടതു വിങ്ങിലൂടെ ജോണ്‍സനും വിനീത് ആന്‍റണിയും  വലതു വിങ്ങിലൂടെ സുര്‍ജിത്തും   സുമേഷും തുടരെത്തുടരെ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചതോടെ ഏതു നിമിഷവും ഗോള്‍ പിറക്കുമെന്ന ആകാംക്ഷയിലായി ഗാലറി. ഏറെ കാത്തുനില്‍ക്കേണ്ടി വന്നില്ല.14ാം സ്റ്റേഡിയം പൊട്ടിത്തെറിച്ചു.  വലതുഭാഗത്തുകൂടി പന്തുമായി കുതിച്ച് ബോക്സില്‍ പ്രവേശിച്ച സുമേഷിനെ യുപി പ്രതിരോധ നിരക്കാരന്‍ വീഴ്ത്തിയതിന് കേരളത്തിന് പെനാല്‍റ്റി. കിക്കെടുത്ത ഉസ്മാന്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ യു.പി ഗോളിയെ നിഷ്പ്രഭനാക്കി വല കുലുക്കി(1-0).

ഗോള്‍ നേടിയതോടെ ആക്രമണം ശക്തമാക്കിയ കേരളം മൂന്നു മിനിറ്റിനുശേഷം ലീഡ് ഉയര്‍ത്തി. പന്തുമായി മുന്നേറിയ സുര്‍ജിത്ത് നല്‍കിയ മികച്ചൊരു പാസ് പിടിച്ചെടുത്ത്  ആതിഥേയരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ കണ്ണന്‍ യു.പി വല കുലുക്കി (2-0). 26ാം മിനിറ്റില്‍ കേരളം വീണ്ടും ലീഡ് ഉയര്‍ത്തി. പന്തുമായി കുതിച്ച സുമേഷ് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത ഷിബിന്‍ലാല്‍ വലതുമൂലയില്‍ നിന്ന് പായിച്ച നല്ലൊരു ഷോട്ട് ഗോളിയെ കീഴ്പ്പെടുത്തി വലയില്‍ കയറി.

കേരള യു.പി ഗോള്‍ മുഖത്തുനിന്ന് മാറാതെ നില്‍ക്കുന്നതിനിടെ അദ്യപകുതിയുടെ അന്ത്യനിമിഷങ്ങളില്‍  അപ്രതീക്ഷിത മുന്നേറ്റത്തിനൊടുവില്‍ യു.പി ഒരു ഗോള്‍ മടക്കി. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ബിറു യാദവ് തട്ടിയിട്ട പന്ത് വലയെ ചുംബിച്ചു (3-1). രണ്ടാം പകുതിയിലും കേരളം മുന്നേറ്റം തുടര്‍ന്നെങ്കിലും ഒന്നും ഗോളിലെത്തിയില്ല.  72ാം മിനിറ്റില്‍ കണ്ണനെ പിന്‍വലിച്ച് അഹമ്മദ് മാലിക്കിനെ കളത്തിലിറക്കിയെങ്കിലും ഫലം കണ്ടില്ല. ഇഞ്ച്വുറി ടൈമില്‍  യു.പിയുടെ മുന്നേറ്റത്തിനിടെ ബോക്സിനു മുന്നില്‍നിന്ന് ഷെറിന്‍ സാമിന്‍െറ പ്രതിരോധശ്രമം ഫൗളില്‍ കലാശിച്ചു.ഷെറിന്റെ  മഞ്ഞക്കാര്‍ഡും. ഈ ഫ്രീകിക്ക് വിവേക് സിങ് മനോഹരമായി വലക്കുള്ളിലാക്കി(3-2). രണ്ടാം പകുതിയില്‍ ആറോളം മികച്ച ഗോളവസരങ്ങളാണ് കേരളം തുലച്ചത്. കേരളത്തിന്റെ  ജോണ്‍സനാണ് കളിയിലെ താരം.

 

 

 
കൂടുതല്‍വാര്‍ത്തകള്‍.