
















ഈ ജെറമി കോര്‍ബിന്‍, ജെറമി കോര്‍ബിന്‍ എന്ന് കേട്ടിട്ടുണ്ടോ? ചോദ്യം സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടാണെങ്കില്‍ അദ്ദേഹത്തിന്റെ ഉത്തരം ഉടന്‍ വരും. 'കോര്‍ബിനോ ആരാണത്?' എന്നാകും ആ ഉത്തരം. പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ആരെന്ന് പോലും തനിക്ക് അറിയില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്.
ഇതിന് പുറമെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെയും തനിക്ക് അറിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് അവകാശപ്പെട്ടു. കോര്‍ബിന്‍, സാദിഖ് ഖാന്‍ എന്നിവര്‍ ട്രംപിനെതിരെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നവരാണെന്നതാണ് വൈരുദ്ധ്യം. അതേസമയം തനിക്ക് ബ്രിട്ടനില്‍ വലിയ ആരാധകവൃന്ദമാണുള്ളതെന്നാണ് പ്രസിഡന്റ് അവകാശപ്പെടുന്നത്. ആരാധകരുടെ ഇമെയില്‍ സന്ദേശങ്ങള്‍ തനിക്ക് സ്ഥിരമായി ലഭിക്കുന്നതായി അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. 
താന്‍ പറയുന്ന വ്യത്യസ്തമായ കാര്യങ്ങള്‍ക്ക് ബ്രിട്ടനില്‍ നിന്നും പിന്തുണ ലഭിക്കുന്നതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രഭാതഭക്ഷണം കഴിക്കുമ്പോഴും, ഉച്ചയ്ക്കും, ചിലപ്പോള്‍ ഉറങ്ങാന്‍ കിടക്കുമ്പോഴുമാണ് ട്വീറ്റ് പരിപാടി നടത്തുന്നത്. തന്റെ അമ്മ മേരി സ്‌കോട്ട്‌ലണ്ടില്‍ ജനിച്ച ആളായത് കൊണ്ട് തന്നെ യുകെയോട് തനിക്ക് പ്രത്യേക ഇഷ്ടമുള്ളതായി അദ്ദേഹം പറയുന്നു.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ തങ്ങളുടെ രാജ്യത്തേക്ക് വരുന്നത് ബ്രിട്ടീഷുകാര്‍ ഇഷ്ടപ്പെടുന്നില്ല. അത് തന്നെയാണ് ബ്രക്‌സിറ്റിന് കാരണമായതെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു.