
















ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമില്‍ സെന്റ് സ്റ്റീഫന്‍സ് സ്‌കൂളില്‍ ഹെഡ് ടീച്ചറായ ഇന്ത്യന്‍ വംശജ നീനാ ലള്ളിനെ അധിക്ഷേപിക്കാന്‍ സംഘടിതമായ നീക്കം. സ്‌കൂളില്‍ എട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിന്റെ പേരില്‍ നീനയെ 'ഹിറ്റ്‌ലര്‍' എന്ന് മുദ്രകുത്താനാണ് സോഷ്യല്‍ മീഡിയയിലെ തീവ്രവാദ വിഭാഗം പരിശ്രമിക്കുന്നത്.
തങ്ങളുടെ പ്രധാന അധ്യാപികയെ ഹിറ്റ്‌ലറിനോട് ഉപമിച്ചും, സ്‌കൂള്‍ മാനേജ്‌മെന്റിനെ റഷ്യന്‍ ഏകാധിപതി സ്റ്റാലിനാക്കിയും മുദ്രകുത്തി നടത്തുന്ന വീഡിയോ പ്രചരണത്തിനെതിരെ സ്‌കൂള്‍ ജീവനക്കാര്‍ രംഗത്തെത്തി. വലിയ പ്രതിഷേധങ്ങള്‍ നേരിട്ടതോടെ തന്റെ നിരോധന ഉത്തവ് നീന ലള്‍ പിന്‍വലിച്ചിരുന്നു. യുകെയിലെ പ്രമുഖ സ്‌കൂളിലാണ് പ്രധാന അധ്യാപികയ്ക്ക് ഇത്തരമൊരു മതപരമായ പ്രതിഷേധം നേരിടേണ്ടി വന്നത്. 
എന്നാല്‍ തങ്ങളുടേത് മികച്ച സ്‌കൂളും, നീന വളരെ മികച്ച പ്രധാന അധ്യാപികയുമാണെന്ന് സ്‌കൂള്‍ ഗവര്‍ണര്‍മാര്‍ പ്രഖ്യാപിച്ചു. പ്രാദേശിക ലേബര്‍ പാര്‍ട്ടി എംപി സ്റ്റീഫന്‍ ടിംസ് പങ്കെടുത്ത രക്ഷാകര്‍ത്താക്കളുടെയും, സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും യോഗത്തില്‍ നീന ഖേദം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതയായി. നേരത്തെ ചെറിയ കുട്ടികളുടെ ഹിജാബ് നിരോധനം നടപ്പാക്കിയ ഗവേണിംഗ് ബോഡി ഉത്തരവും പിന്‍വലിക്കപ്പെട്ടു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ വംശജരായ വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പ്രധാനമായി പഠിക്കുന്നത്.
അതേസമയം തങ്ങളുടെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപ പ്രചരണം നേരിട്ടതോടെ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ചെയര്‍ ആരിഫ് ഖ്വാവി സ്ഥാനം രാജിവെച്ചിരുന്നു. സ്‌കൂളിന്റെ യൂണിഫോം കാര്യങ്ങള്‍ തീരുമാനിക്കാന്‍ മാനേജ്‌മെന്റിന് അധികാരം ലഭിച്ചാല്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്ത് തിരികെ എത്തുമെന്നാണ് വിവരം. മികച്ച അധ്യാപനത്തിന് 2018 സ്‌കൂള്‍ ഗൈഡില്‍ ഇംഗ്ലണ്ടിലെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ സെന്റ് സ്റ്റീഫന്‍സ് സ്ഥാനം നേടിയിരുന്നു. ഇതിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ വംശയായ പ്രധാനാധ്യാപികയാണ് ഇപ്പോള്‍ അധിക്ഷേപം നേരിടുന്നത്.