അപൂര്‍ണ്ണമായ വിവരങ്ങളുമായി 845 പേജ് സത്യവാങ്മൂലം സമര്‍പ്പിച്ച കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. രാജ്യത്തെ ഖരമാലിന്യ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് സര്‍ക്കാര്‍ പരിപൂര്‍ണ്ണമല്ലാതെ സമര്‍പ്പിച്ചത്. ഇതോടെ തങ്ങള്‍ മാലിന്യം ശേഖരിക്കുന്നവരല്ലെന്നായിരുന്നു പരമോന്നത കോടതിയുടെ വിമര്‍ശനം.
സത്യാവാങ്മൂലം സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. ചപ്പുചവറുകള്‍ കോടതിയില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിങ്ങളുടെ കൈയിലുള്ള ചപ്പുചവറുകള്‍ മുഴുവന്‍ കൊണ്ടുവന്ന് നിക്ഷേപിക്കാനുള്ള ഇടമല്ല കോടതി. ഭാവിയില്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബെഞ്ച് ഓര്‍മ്മിപ്പിച്ചു.
2016 ഖരമാലിന്യ മാനേജ്‌മെന്റ് നിയമപ്രകാരം സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും അഡൈ്വസറി ബോര്‍ഡുകളുടെ നിയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് ഒരു ചാര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇതിലെ അംഗങ്ങളുടെ പേരുവിവരങ്ങളും നല്‍കണം. സംസ്ഥാനങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാത്തത് മൂലമാണ് ചാര്‍ട്ട് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ കഴിയാത്തതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.