സ്ത്രീധനവും ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും ഇപ്പോഴും ഇന്ത്യയില്‍ സ്ഥിരം സംഭവങ്ങളാണ്. സ്ത്രീധനത്തുക കൊടുത്ത് തീര്‍ക്കാത്തതിന് സ്വന്തം ഭാര്യയുടെ കിഡ്‌നി അടിച്ചുമാറ്റിയ ഭര്‍ത്താവിനെയും, ഭര്‍തൃസഹോദരനെയുമാണ് പശ്ചിമ ബംഗാള്‍ പോലീസ് യുവതിയുടെ പരാതിയെ തുടര്‍ന്ന് പിടികൂടിയത്. 2 ലക്ഷം രൂപ സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിലാണ് യുവതിയെ അപ്പെന്‍ഡിക്‌സ് സര്‍ജറിക്കെന്ന പേരില്‍ ആശുപത്രിയില്‍ എത്തിച്ച് കിഡ്‌നി മോഷ്ടിച്ച് വിറ്റത്.
28 വയസ്സുള്ള റിതാ സര്‍ക്കാരാണ് പരാതിക്കാരി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും 12 വര്‍ഷക്കാലമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് റിതാ പരാതിപ്പെടുന്നു. ഇതിനിടെ തനിക്ക് നേരിട്ട അപ്പെന്‍ഡിക്‌സ് പ്രശ്‌നം ഭര്‍തൃവീട്ടുകാര്‍ മുതലെടുത്തെന്നും ഇവര്‍ പറയുന്നു. രണ്ട് വര്‍ഷം മുന്‍പാണ് കടുത്ത വയറുവേദനയെത്തുടര്‍ന്ന് അപ്പെന്‍ഡിക്‌സ് ഉള്ളതായി തിരിച്ചറിയുന്നത്.
കൊല്‍ക്കത്തയിലെ സ്വകാര്യ നഴ്‌സിംഗ് ഹോമില്‍ വെച്ച് സര്‍ജറിയാണ് നല്ലതെന്ന് ഭര്‍ത്താവും ആശുപത്രിക്കാരും വിശ്വസിപ്പിച്ചു. മറ്റെവിടെയെങ്കിലും ചികിത്സ തേടാമെന്ന് പറഞ്ഞെങ്കിലും ഇവര്‍ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന് സര്‍ജറി നടത്തിയെങ്കിലും വേദനയ്ക്ക് ശമനമുണ്ടായില്ല. ഈയിടെയാണ് റിതയുടെ മാതാപിതാക്കള്‍ യുവതിയെ മറ്റൊരു ഡോക്ടറെ കാണിച്ചത്. അപ്പോഴാണ് വലത് കിഡ്‌നി മോഷണം പോയ വിവരം അറിയുന്നത്. ഇതോടെയാണ് താന്‍ നേരിട്ട വഞ്ചന മനസ്സിലാക്കി യുവതി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.