Breaking Now

ചിന്നു അച്ചബെ-ആഫ്രിക്കന്‍ സാഹിത്യത്തിന്‍റെ നെല്‍സന്‍ മണ്ടേല

ആഫ്രിക്കന്‍ രാഷ്ട്രീയത്തിന് നെല്‍സന്‍ മണ്ടേല എന്തായിരുന്നോ അതായിരുന്നു ആ ഭൂഖണ്ഠത്തിന്റെ സാഹിത്യത്തിന് ചിന്നു അച്ചബെ.

സ്വന്തം നാട്ടിന്റെ കഥകള്‍ സ്വന്തം ഭാഷ സൃഷ്ടിച്ച് എഴുതുക മാത്രമല്ല, അങ്ങനെ ശക്തമായി എഴുതാന്‍ പില്‍ക്കാല തലമുറയ്ക്ക് പ്രേരകമാവുക കൂടെ ചെയ്ത പിതൃരൂപം. ബ്രിട്ടീഷ് കോളനിയായിരുന്ന തെക്കുകിഴക്കന്‍ നൈജീരിയയിലെ ഒഗിഡി പ്രവിശ്യയില്‍ 1930ലാണ് ചിന്നു അച്ചബെയുടെ ജനനം. ചെറുപ്പകാലത്തേ സാഹിത്യവായനയില്‍ അതീവ താല്‍പര്യമുള്ളയാളായിരുന്നു അച്ചബെ. റോബര്‍ട്ട് ലൂയി സ്റ്റീവണ്‍സണേയും, ജോസഫ് കോണ്‍റാഡിനേയും ചാള്‍സ് ഡിക്കന്‍സിനേയുമൊക്കെ വായിച്ചാണ് വളര്‍ന്നത്. പക്ഷെ അവര്‍ എഴുതുന്നത് ഞങ്ങളെക്കുറിച്ചല്ലല്ലോ, കറുത്തവര്‍ക്ക് അവരുടെ സാഹിത്യത്തില്‍ ഇടമില്ലാത്തത് എന്ത് കൊണ്ടാണ് എന്ന തോന്നല്‍ അന്നേ ഉണ്ടായിരുന്നു എന്ന് അച്ചബെ പറഞ്ഞിട്ടുണ്ട്.

നിങ്ങളെക്കുറിച്ച് മറ്റാരും പറയുന്നില്ലെങ്കില്‍ അത് നിങ്ങള്‍ തന്നെ ചെയ്യണം എന്ന തോന്നലാണ് തന്നെ എഴുത്തുക്കാരനാക്കിയത് എന്ന് അച്ചബെ പിന്നീടൊരു അഭിമുഖത്തില്‍ വ്യക്തമാക്കി.

സ്‌കോളര്‍ഷിപ്പോടെ സര്‍വ്വകലാശാലാ പഠനം പൂര്‍ത്തിയാക്കിയ ശേഷം നൈജീരിയ ബ്രോഡ്കാസ്റ്റിംഗ് സര്‍വ്വീസില്‍ ജോലിയില്‍ പ്രവേശിച്ചു. ആ ജോലിക്കിടെയാണ് പിന്നീട് ചരിത്രമായി മാറിയ ആദ്യനോവല്‍ ‘തിംഗ്‌സ് ഫാള്‍ അപ്പാര്‍ട്ട്’ എഴുതുന്നത്. ബ്രിട്ടീഷ് കോളനിവാഴ്ചയാല്‍ അടിച്ചമര്‍ത്തപ്പെട്ട ആഫ്രിക്കയുടെ കഥ അധിനിവേശം നടത്തിയവന്റെ ഭാഷയായ ഇംഗ്ലീഷില്‍ എഴുതാന്‍ തീരുമാനിച്ചതിനെ എന്‍ ഗൂഗി വാ തിയാംഗോ അടക്കമുള്ള സഹ എഴുത്തുകാര്‍ പോലും വിമര്‍ശിച്ചിരുന്നു. എന്റെ  ഇംഗ്ലീഷിലാണ് ഞാന്‍ എഴുതുന്നത് എന്നായിരുന്നു അച്ചബെയുടെ വിശദീകരണം. അതു വരെ പാശ്ചാത്യന്റെ  കണ്ണിലൂടെ മാത്രം ആഫ്രിക്കയെ  അറിഞ്ഞ ലോകമെങ്ങുമുള്ള സാഹിത്യവായനക്കാര്‍ക്ക് അതു കൊണ്ട്, ആഫ്രിക്കക്കാരന്‍ സ്വയം എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നറിയാന്‍ തിംഗ്‌സ ഫാള്‍ അപ്പാര്‍ട്ട് കാരണമായി. 19-ാം നൂറ്റാണ്ടിന്റെ അവസാനം വെള്ളക്കാരന്റെ വരവ് ഇഗ്‌ബോ എന്ന ഗോത്രത്തെ ബാധിച്ചതെങ്ങനെ എന്നതാണ് നോവല്‍ പ്രമേയം.

നോവല്‍ പുറത്ത് വന്നതോടെ അതിലെ നായകന്‍ ഒകോന്‍ക്വോ എന്ന ഇഗ്‌ബോ യോദ്ധാവ് ആഫ്രിക്കന്‍ അഭിമാനത്തിന്റെ തന്നെ അടയാള രൂപമായി.

വെളുത്തവന്‍ ബുദ്ധിശാലിയായിരുന്നു, അവന്‍ അവന്റെ മതവുമായി ശാന്തമായി നമ്മുടെ നാട്ടിലേക്ക് വന്നു. വിഡ്ഢിയെന്നോര്‍ത്ത് നമ്മളവന് താമസിക്കാനിടം നല്‍കി. ഇപ്പോള്‍ നമ്മെ തമ്മില്‍ തല്ലിക്കുന്നതില്‍ അവന്‍  വിജയിച്ചിരിക്കുന്നു. വെള്ളക്കാരന്‍ നമ്മുടെ ഗോത്രങ്ങള്‍ തമ്മിലുള്ള സാഹോദര്യം  ഇല്ലാതാക്കി എന്ന് നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. ഈ വരികളിലുണ്ട് ആ നോവലിന്റെയും അച്ചബൈയുടെ സാഹിത്യ ലോകത്തിന്റെയും കേന്ദ്ര പ്രമേയമെന്ന് സാഹിത്യ പഠിതാക്കള്‍ പറയുന്നു. തിംഗ്‌സ് ഫാള്‍ അപ്പാര്‍ട്ട് ഇതിനകം 50 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.

10 ദശലക്ഷത്തിലേറെ കോപ്പികള്‍ വിറ്റ പുസ്തകം ഇന്നും ദിവസം നൂറോളം കോപ്പികള്‍ വില്‍ക്കുന്നു.

ആരോ ഓഫ് ഗോഡ്, നോ ലോംഗര്‍ അറ്റ് ഈസ്, ആന്‍തിലസ് ഓഫ് ദി സാവന്നാ എന്നിവയടക്കമുള്ള മറ്റ് പുസ്തകങ്ങളും ചരിത്രങ്ങളായി. കോമണ്‍വെല്‍ത്ത് പൊയട്രി പ്രൈസ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ അച്ചബെയെ തേടിയെത്തി. 2007ല്‍ മാന്‍ ബുക്കര്‍ പുരസ്‌കാരവും. നൈജീരിയന്‍ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ബഹുമതി രണ്ട് തവണ രാഷ്ട്രീയകാരണങ്ങളാല്‍ അച്ചബെ നിരസിച്ചു. രാജ്യത്തിന്റെ ഭരണവീഴ്ചകളെ തുറന്നെതിര്‍ക്കുന്ന എഴുത്തുകളും ഉണ്ടായി അച്ചബെയില്‍ നിന്ന് .

1990ല്‍ ഒരു വാഹനാപകടത്തെതുടര്‍ന്ന് ചികിത്സയ്ക്കായാണ് അച്ചബെയ്ക്ക് നൈജീരിയ വിട്ട് അമേരിക്കയില്‍ താമസമാക്കേണ്ടി വന്നത്. ആധിപത്യം സ്ഥാപിച്ചവന്റെ തന്നെ ഭാഷ ഉപയോഗിച്ച് അവനെതിരെ കലാപം ചെയ്യാന്‍ പ്രചോദനം നല്‍കി, ചിമാമന്ദാ എന്‍ഗോസി അഡിച്ചീ വരെ എത്തി നില്‍ക്കുന്ന എഴുത്തുകാരുടെ നിരയെതന്നെ സൃഷ്ടിച്ചാണ് അച്ചബെ എന്ന വലിയ എഴുത്തുകാരന്‍ വിട പറഞ്ഞത്.

 

 
കൂടുതല്‍വാര്‍ത്തകള്‍.