CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 12 Minutes 56 Seconds Ago
Breaking Now

കമല മിടുക്കി, കാണാനും സുന്ദരി: ഒബാമ

വാഷിംഗ്ടൺ: അമേരിക്കയിലെ ആദ്യവനിതാ അറ്റോർണി ജനറലും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസിനെ സുന്ദരിയും മിടുക്കിയുമെന്ന് പൊതുവേദിയിൽ പുകഴ്‌ത്തിയ ബരാക് ഒബാമ പുലിവാലു പിടിച്ചു.

ഒബാമ ടീമിലെ ശക്തയായ വനിതയെന്ന് അറിയപ്പെടുന്ന കമല അമേരിക്കയിലെ ഏറ്റവും സുന്ദരിയായ അറ്റോർണി ജനറലാണെന്ന പരാമർശമാണ് വിവാദമായത്. പുകഴ്‌ത്തിയതിൽ കുഴപ്പമൊന്നുമില്ല, പക്ഷേ പ്രഗത്ഭയായ ഒരു വനിതയെ സൗന്ദര്യത്തിന്റെ മാത്രം അളവുകോലിലാണ് ഒബാമ കണ്ടത് എന്നതാണ് അദ്ദേഹത്തിനെതിരെ ഉയർന്ന വിമർശനം. കാലിഫോർണിയയിലെ ഒരു ഫണ്ട് സമാഹരണ ചടങ്ങിലായിരുന്നു ഒബാമ തന്റെ സഹപ്രവർത്തയ്​ക്കുമേൽ പ്രശംസ കോരിച്ചൊരിഞ്ഞത്. കമല മൗനം പാലിച്ചെങ്കിലും സഹപ്രവർത്തകരടക്കം വിമർശനവുമായി രംഗത്തെത്തി.

ഒബാമ പറഞ്ഞത്

പ്രഗത്ഭ, അർപ്പണബുദ്ധിയുള്ളവൾ, കർക്കശ സ്വഭാവക്കാരി, നിയമം കൈകാര്യം ചെയ്യുന്നവർക്കു വേണ്ട എല്ലാ ഗുണവിശേഷങ്ങളുമുള്ളവൾ, എല്ലാവർക്കും നീതി ലഭിക്കണമെന്ന് ഉറപ്പുള്ളവൾ. അമേരിക്കയിലെ ഏറ്റവും സുന്ദരിയായ അറ്റോർണി ജനറൽ കൂടിയാണിവൾ. (എല്ലാവരും കരഘോഷം മുഴക്കിയപ്പോൾ) സത്യമാണിത്. എന്റെ നല്ല സുഹൃത്താണ്. വർഷങ്ങളായി എനിക്ക് പിന്തുണ നൽകുന്നു.

ഒബാമയ്ക്കെതിരെ വിമർശനം

കാണാൻ കൊള്ളാവുന്ന ഒരു സ്ത്രീയെക്കണ്ടാൽ അവരുടെ സൗന്ദര്യത്തെ പുകഴ്‌ത്തുന്നത് അമേരിക്കൻ പ്രസിഡന്റിന് ചേർന്നതല്ല. ചില്ലറ പ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ട്, കുറച്ചുകൂടി ശ്രദ്ധിക്കണം.

വനിതകൾ വെറും കാഴ്​ചവസ്തുക്കളല്ലെന്നു തെളിയിച്ച കമലയെപ്പോലുള്ളവരെ അധിക്ഷേപിക്കുകയാണ് ഒബാമ ചെയ്തിരിക്കുന്നത്.

കമല ഹാരിസ്: അമേരിക്കയിലെ ശക്തരായ 20 വനിതകളിലൊരാൾ, ചെന്നൈയിൽനിന്ന് അമേരിക്കയിലെത്തിയ ക്യാൻസർ സ്പെഷലിസ്റ്റ് ശ്യാമളയുടെയും ജമൈക്കക്കാരനായ ഹാരിസിന്റെയും മകൾ. പ്രമുഖ അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയുടെ ഭാവി ഗവർണറെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കയിൽ വെള്ളക്കാരിയല്ലാത്ത ആദ്യ വനിതാ പ്രസിഡന്റാകാൻ സാധ്യതയുണ്ടെന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നു. കാലിഫോർണിയയിലെ അധോലോകസംഘങ്ങളെയും സാന്പത്തിക ക്രമക്കേടു നടത്തിയ സ്ഥാപനങ്ങളെയും നീതിപീഠത്തിനു മുന്നിൽ കടിച്ചുകീറിയ വനിത.

സൗന്ദര്യത്തെ പ്രശംസിച്ചതിന്റെ പേരിലുയർന്ന വിവാദങ്ങൾ:

മാദ്ധ്യമപ്രവർത്തകയും അലാസ്കാ ഗവർണറുമായിരുന്ന സാറാ പാളിനെ താൻ ജോലിക്കെടുത്തത് സുന്ദരിയായിരുന്നതുകൊണ്ടാണെന്ന് ഫോക്​സ് ന്യൂസ് ചീഫ് റോജർ എയ്ൽസ്.

റിപ്പബ്ലിക്കൻ അറ്റോർണി സ്ഥാനാർത്ഥിയായ ഡേവിഡ് ഫ്രീഡ് എതിരാളി കാത്‌ലിൻ കെയ്നിനെക്കുറിച്ച് പറഞ്ഞത് അവർ സുന്ദരിയും പണക്കാരിയുമാണെന്നായിരുന്നു.

2008-ൽ ഒരു വനിതാ റിപ്പോർട്ടറെ സുന്ദരിയെന്നു വിളിച്ചുകൊണ്ട് അവർക്ക് ചോദ്യം ചോദിക്കാൻ ഒബാമ അനുവാദം നൽകി.

 

 




കൂടുതല്‍വാര്‍ത്തകള്‍.